Wednesday, August 8, 2007

ഭാവിയില്ലാത്ത ഭൂതങ്ങളുടെ വര്‍ത്തമാനം

'ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹത്തില്‍ ആകാംഷക്ക്‌ വളരെയധികം സ്വാധീനമുണ്ട്‌.ഭാഷ,വര്‍ഗ്ഗം,പ്രദേശം എന്നിങ്ങനെയുള്ള നൂലിഴകള്‍ കൊണ്ട്‌ ബന്ധിച്ചിട്ടുണ്ട്‌ മലയാളം ബ്ലോഗുകള്‍ എന്ന സൈബര്‍ സമൂഹത്തെയെന്ന് പറയാമെങ്കില്‍,ആ നൂലിഴയെ മറക്കുന്ന വിധം അല്ലെങ്കില്‍ തകര്‍ത്ത്‌ കളയുന്ന വിധത്തിലുള്ള ചില കുത്സിത പ്രവൃത്തികള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉത്ഭവിച്ച്‌ കൊണ്ടിരിക്കുന്നു.അല്ലെങ്കില്‍ അത്‌ സംഭവിച്ച്‌ കഴിഞ്ഞു.
അത്‌ എങ്ങനെ,എപ്പോള്‍,ഏതിലെ,ആര്‌ എന്നിങ്ങനെയുള്ള സംന്ദേഹങ്ങള്‍ ഭൂരിഭാഗം പേര്‍ക്കും ഉള്ളതായി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.അതാണ്‌ ഞാന്‍ ആദ്യം പറഞ്ഞ ആകാംഷ.ആ ആകാംഷയെ ഒന്ന് കുളിപ്പിച്ച്‌ കിടത്താനാണ്‌ എന്റെ ശ്രമം.'

'അണ്ണാ,എന്തരണ്ണാ അണ്ണന്‍ പറയണത്‌.'

'കുഞ്ഞേ,വികേന്ദ്രീകരണം നടക്കാത്ത സമൂഹത്തില്‍ ധ്രുവീകരണം ഒരു സ്വാഭാവിക പ്രക്രിയയാണ്‌.അത്‌ ചിലപ്പോള്‍ രക്തരൂക്ഷിത വിപ്ലവം വഴി സംഭവിക്കാം.അല്ലെങ്കില്‍ ആശയങ്ങള്‍ തമ്മിലുള്ള സംവാദങ്ങളില്‍ നൂതനാശയങ്ങള്‍ മേല്‍ക്കോയ്മ നേടുമ്പോള്‍ നിയമനിര്‍മ്മാണം വഴിയും സംഭവിക്കാം.പക്ഷേ അതൊരു ജനാധ്യപത്യ വ്യവസ്ഥിതിയിലേ നടക്കൂ.'

'അണ്ണാ, ജനാധ്യപത്യവും സോഷ്യലിസവുമൊക്കെ പ്രസംഗിക്കാന്‍ ബ്ലോഗ്‌ എന്തരണ്ണാ ഡമോക്രാറ്റിക്‌ വ്യസ്ഥിതിയോ മറ്റോ ആണോ.അണ്ണന്‍ ചുമ്മാ കുപ്പീല്‍ കയ്യിട്ട്‌ ഇളക്കാതെ ഒള്ള കാര്യം പറ അണ്ണാ.'

'ടാ പുല്ലേ,നിനക്ക്‌ കേക്കാന്‍ പറ്റൂങ്കി കേട്ടാല്‍ മതി,എനിക്ക്‌ ഇങ്ങനൊക്കെ പറയാനേ പറ്റൂ.പറയണ എനിക്കും മനസ്സിലാകരുത്‌,കേക്കണ നാട്ടുകാര്‍ക്കും മനസ്സിലാകരുത്‌.അതാണെടാ യഥാര്‍ഥ ജനാധ്യപത്യം.'

'അണ്ണാ,കലിപ്പാക്കാതെ,ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ.എന്തരണ്ണാ മലയാളം ബ്ലോഗേഴസിന്റെ ഇടയിലുള്ള യഥാര്‍ഥ പ്രശ്നം.ഒന്ന് തെളിച്ച്‌ പറ അണ്ണാ.'

'അതൊക്കെ വളരെയധികം പറയാനുണ്ട്‌.12ആം നൂറ്റാണ്ട്‌ മുതലുള്ള കാര്യങ്ങള്‍ പറയേണ്ടി വരും.നിനക്ക്‌ ക്ഷമയുണ്ടോ.'

'ഉണ്ടണ്ണാ,ഉണ്ട്‌.'

'ഉണ്ടെങ്കില്‍ കിടന്നുറങ്ങടെയ്‌.'

'അയ്യോ അണ്ണാ ഞണ്ണീന്നല്ലാ,ക്ഷമയുണ്ടെന്ന്.'

'ആണോ,എങ്കില്‍ കേട്ടോ.
12ആം നൂറ്റാണ്ടില്‍,അതായത്‌ മെസപ്പെട്ടോമിയ സംസ്കാരം രൂപപ്പെടുന്നതിനും മുന്‍പ്‌,സാര്‍ ചക്രവര്‍ത്തി ഗ്രീസ്‌ ഭരിച്ചിരുന്ന കാലത്ത്‌ തന്നെ തൊഴുത്തില്‍ കുത്തുകള്‍ ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു.'

'സാര്‍ ചക്രവര്‍ത്തി റഷ്യയല്ലേ ഭരിച്ചിരുന്നത്‌ അണ്ണാ.'

'ടെയ്‌,അണ്ണാക്കിലിട്ട്‌ ഒരു കുത്ത്‌ തരും ഞാന്‍.മിണ്ടാതിരുന്ന് കേട്ടാല്‍ മതി.ഭരിക്കുന്നവര്‍ ആരായാലും അതൊക്കെ സാറുമ്മാര്‌ തന്നെടെയ്‌.
അപ്പോള്‍ പറഞ്ഞ്‌ വന്നത്‌ തൊഴുത്തില്‍ കുത്തുകള്‍ ഉണ്ടായിരുന്നത്‌ കൊണ്ട്‌ 12ആം നൂറ്റാണ്ടില്‍ തന്നെ മലയാളം ബ്ലോഗുകള്‍ പിറന്നിരുന്നു എന്ന് നമുക്ക്‌ മനസ്സിലാക്കാം.ഇതിന്റെ ഉത്ഭവത്തെ കുറിച്ച്‌ പല കഥകളുമുണ്ട്‌.
കാലിഫോര്‍ണിയ കാര്‍ഷിക സര്‍വകലാശാലയിലെ പ്രമുഖ ജന്തു ശാസ്ത്രജ്ഞനായ ഡോ;വല്‍സന്‍ ഓച്ചന്തുരുത്ത്‌,തന്റെ ഭാര്യയുടെ, ഉത്തരധ്രുവത്തിലെവിടെയോ വച്ച്‌ കളഞ്ഞ്‌ പോയ മാല കണ്ടെടുക്കുന്നതിന്റെ ഭാഗമായ ദക്ഷിണധ്രുവത്തില്‍ നടത്തിയ കുഴിക്കലുകളില്‍,ആല്‍ത്തറ,തെങ്ങുമൂട്‌,പനച്ചുവട്‌ തുടങ്ങിയവയുടെ ചില ഫോസിലുകള്‍ കണ്ടെടുക്കുകയുണ്ടായി.അവയില്‍ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റ്‌ നടത്തിയതിന്റെ ഭാഗമായി,അവ 12ആം നൂറ്റാണ്ടിന്റെ ആരംഭകാലങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്നവ ആയിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്‌.'

'അണ്ണാ,ഈ ആല്‍ത്തറയും കലുങ്കും ഒക്കെയായി മലയാളം ബ്ലോഗിന്‌ എന്ത്‌ ബന്ധം.'

'കുഞ്ഞേ,മലയാളത്തില്‍ ബ്ലോഗുകള്‍ ഉണ്ടാകുന്നതിനും മുന്‍പേ ഇവിടെ മലയാളം ബ്ലോഗേഴ്സ്‌ ഉണ്ടായിരുന്നു.അതിനെക്കുറിച്ച്‌, മുട്ടയാണോ കോഴിയണോ സ്റ്റയിലില്‍ ഒരു പഠനവും നടന്നിട്ടുണ്ട്‌.അതിനെക്കുറിച്ച്‌ പിന്നീട്‌ പറയാം.
മലയാള ഭാഷയെ എങ്ങനെയെങ്കിലും ഒരു കരക്കെത്തിക്കണം,അല്ലേല്‍ ഒരരുക്കാക്കണം എന്ന സ്വപ്നം കണ്ട്‌ നടന്നിരുന്ന ചില അബോര്‍ജിനുകള്‍ സിന്ധൂനദീതട കാലഘട്ടത്തില്‍ ജീവിച്ചിരുന്നു.അവരുടെ ശല്യം സഹിക്കവയ്യാതെ ആയപ്പോള്‍,അക്കാലത്ത്‌ രാജ്യം ഭരിച്ചിരുന്ന സിന്ധുവിന്റെ അമ്മ മറിയ,അബോര്‍ജിനുകളെ ആക്രമിക്കുകയും അവരില്‍ ചിലരെ പിടിച്ച്‌ കെട്ടുകയും ഒരു പായക്കപ്പലില്‍ കയറ്റി അമേരിക്കയിലേക്ക്‌ നാടുകടത്തുകയും ചെയ്തു. പിടിയില്‍ അകപ്പെടാതിരുന്ന ചിലര്‍ ഗാന്ധാരം,മെക്ക മെദീന വഴി അറബ്‌ ദേശത്ത്‌ എത്തുകയും ചെയ്തു.മറ്റു ചിലര്‍ സില്‍ക്ക്‌ റൂട്ട്‌ വഴി ഹിമാലയം കടന്ന് ചൈനയില്‍ എത്തുകയും,അവിടുന്ന് കിഴക്കന്‍ പ്രദേശങ്ങളായ പാറ്റയേയും പാമ്പിനേയും തിന്നുന്നവരുടെ നാട്ടില്‍ എത്തുകയും ചെയ്തു.'

'അതെന്തരണ്ണാ,മറിയ പിടിച്ച്‌ കെട്ടിയവരെ അമേരിക്കയിലേക്ക്‌ അയച്ചത്‌.'

'കുഞ്ഞേ,കൊളംബസിന്‌ താന്‍ കണ്ടെത്തിയ ഭാഗം ഭാരതമല്ലായെന്നും ഒരു പോക്കണം കെട്ട പ്രദേശമാണെന്നും മനസ്സിലായപ്പോള്‍,അതിന്റെ വിഷമം തീര്‍ക്കാന്‍ അടിച്ച്‌ പൂക്കുറ്റിയായി തന്റെ ഭാര്യയായ മേരിയെ തെറി പറഞ്ഞതില്‍ നിന്നുമാണ്‌ ആ പ്രദേശത്തിന്‌ അമേരിക്ക എന്ന പേര്‌ ലഭിച്ചത്‌.
ഏയ്‌ മേരീ ക്യാ ഹേ,യേ ക്യാഹേ മേരീ,മേരീ ക്യാ,ക്യാമേരീ തുടങ്ങിയ രീതിയില്‍ കരഞ്ഞ്‌ കരഞ്ഞ്‌ അമേരിക്ക എന്ന പേര്‌ ലഭിച്ച, മാനും മാഞ്ചാടിയുമില്ലാത്ത നാട്ടില്‍ നിന്നും ഭാരതത്തിലേക്ക്‌ കൊളംബസ്‌ നീങ്ങാന്‍ സാധ്യതയുണ്ടെന്ന ഒരു വാര്‍ത്ത മറിയയുടെ ചെവിയില്‍ എത്തിയിരുന്നു.ആ നീക്കം തടയുന്നതിന്റെ ഭാഗമായിട്ട്‌ കൂടിയാണ്‌ തന്ത്രശാലിയായ മറിയ,പിടിച്ച്‌ കെട്ടിയവരെ അങ്ങോട്ട്‌ തന്നെ അയച്ചത്‌.ഭാരതത്തില്‍ നിന്ന് വന്ന കുറച്ച്‌ പേര്‍ തന്നെ ഈ സൈസ്‌ മുറ്റ്‌ ഇനം ആണെങ്കില്‍ ബാക്കിയുള്ളവര്‍ എന്തായിരിക്കും എന്ന് ഭയന്ന് കൊളംബസ്‌ തിരിച്ച്‌ പൊയ്ക്കൊള്ളും എന്നായിരുന്നു മറിയയുടെ ചിന്ത.
അങ്ങനെ പലവഴിക്കായ അബോര്‍ജിനുകള്‍ മാതൃഭാഷയെ ഉദ്ധരിക്കാന്‍ പലനാട്ടിലിരുന്ന് നടത്തിയ നീക്കങ്ങളുടെ ശ്രമമായി ഉരുത്തിരിഞ്ഞ ഒരു ആദ്യ കാല സമൂഹമാണ്‌ ആല്‍ത്തറ,കലുങ്ക്‌,പനച്ചുവട്‌,തെങ്ങും മൂട്‌ എന്നൊക്കെ അറിയപ്പെടുന്നത്‌.ആ കാലഘട്ടത്തില്‍ വ്യക്തമായ ഒരു എഴുത്ത്‌ രൂപം അബോര്‍ജിനുകള്‍ക്ക്‌ ഇല്ലായിരുന്നു.വാമൊഴി തന്നെ ശരണം.'ടോ ഗോപാലകൃഷ്ണാ' രീതിയിലുള്ള വാമൊഴി ഭാഷ യഥേഷ്ടം ഉപയോഗിച്ചിരുന്ന അവര്‍ക്ക്‌ ഒരു വരമൊഴി ഒരുക്കിക്കൊടുക്കുന്നതില്‍ ഒരു അമേരിക്കന്‍ അബോര്‍ജിന്‍ വിജയിക്കുകയുണ്ടായി.തുടര്‍ന്ന് ആ വരമൊഴിയില്‍ കുത്തിക്കുറിക്കലും കത്തിക്കുത്തും ആരംഭിച്ചു.അതാണ്‌ മലയാളം ബ്ലോഗിന്റെ തുടക്കം.'

'അണ്ണാ,അണ്ണനിപ്പഴും മലയാളംബ്ലോഗിലെ നിലവിലെ പ്രശ്നങ്ങള്‍ എന്താണെന്ന് പറഞ്ഞില്ല.'

'പറയാമെടാ പറയാം,നീ ക്ഷമിക്ക്‌.ഞാന്‍ അങ്ങോട്ട്‌ തന്നെയാണ്‌ വരുന്നത്‌.
മറിയ, അബോര്‍ജിനുകളെയെല്ലാം തുരത്തിയോടിച്ചതിന്‌ ശേഷം മകള്‍ സിന്ധു,ഹാരപ്പയെ കല്യാണം കഴിക്കുകയും,അവര്‍ക്ക്‌ ആര്യനെന്നും ദ്രാവിഡനെന്നും പേരുള്ള രണ്ട്‌ കുട്ടികള്‍ ഉണ്ടാവുകയും ചെയ്തു.അബോര്‍ജിനുകളും സിന്ധുവുമായി അവിഹിതം വല്ലതും ഉണ്ടായിരുന്നോ എന്നൊന്നും എനിക്കറിഞ്ഞ്‌ കൂടാ,എന്തായാലും ആര്യനിലും ദ്രാവിഡനിലും ബ്ലോഗിങ്ങിന്റെ ജീനുകള്‍ ഉണ്ടായിരുന്നു.അല്ലെങ്കില്‍ അവര്‍ അടിച്ച്‌ പിരിയില്ലല്ലോ.ആര്യനുമായി ഉടക്കിയ ദ്രാവിഡന്‍,തെക്കന്‍ ഭാരതത്തിലേക്ക്‌ പോന്നു.തുടര്‍ന്ന് പലനാടുകളിലായി പരന്ന് കിടക്കുന്ന അബോര്‍ജിനുകളുടെ വരമൊഴി ഭാഷ സായത്തമാക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തു.
പക്ഷേ ആ കാലഘട്ടത്തില്‍,അതായത്‌ മലയാളം ബ്ലോഗിന്റെ ആദ്യകാലങ്ങളില്‍ ഭേദപ്പെട്ട കൃതികളൊന്നും ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നില്ല.അതിന്‌ ഒരു കാരണവും ഉണ്ട്‌.ഭാഷയോട്‌ സ്നേഹം ഉണ്ടായിട്ട്‌ മാത്രം കാര്യമില്ല.അതില്‍ ക്രിയാത്മകമായി വല്ലതും എഴുതണമെങ്കില്‍ മൂള വേണം.പക്ഷേ ഭൂരിഭാഗവും വിവരസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായത്‌ കൊണ്ട്‌ ഭാഷാസ്നേഹം ഉണ്ടെങ്കിലും ഭാഷാജ്ഞാനവും ക്രിയാത്മകതയും കമ്മിയായിരുന്നു.
അത്‌ കൊണ്ട്‌ തന്നെ,
'ആനയിടുന്നത്‌ പിണ്ടം
ആടിടുന്ന കാട്ടം
പശുവിടുന്നത്‌ ചാണകം'
തുടങ്ങിയ രീതിയിലുള്ള കവിത/കഥ/ലേഖനങ്ങള്‍ എഴുതുന്നവര്‍ വലിയ എഴുത്തുകാരായി പരിഗണിക്കപ്പെട്ടു.കമന്റ്‌ ഓപ്ഷന്‍ ഉള്ളത്‌ കൊണ്ട്‌ പ്രോത്സാഹനവും ലഭിച്ചു.അംഗസംഖ്യ ആദ്യകാലങ്ങളില്‍ കുറവായത്‌ കൊണ്ട്‌ എല്ലാവരും എല്ലാവരുടേയും പോസ്റ്റുകള്‍ വായിച്ചു,അഥവാ സഹിച്ചു.അങ്ങനെ ചിലര്‍ മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്മാരായി വിലസി.'

'അണ്ണാ,അക്കാലത്ത്‌ ബ്ലോഗില്‍ കണ്ടെയിനര്‍ കണക്കിന്‌ സ്നേഹം ഉല്‍പ്പാദിപ്പിച്ചിരുന്നു എന്നും,നമ്മുടെ ആവശ്യത്തിന്‌ സ്നേഹം ഉപയോഗിച്ചിട്ടും ബാക്കി വന്നൂയെന്നും, ബാക്കിവന്നത്‌ കയറ്റി അയച്ച്‌ വിദേശ നാണ്യം സമ്പാദിച്ചിരുന്നൂയെന്നും,ഐക്യത്തിന്റെ പേറ്റന്റ്‌ മലയാളം ബ്ലോഗിനായിരുന്നു എന്നുമൊക്കെ കേള്‍ക്കുന്നു.ശരിയാണോ അണ്ണാ.'

'കുഞ്ഞേ,നാലും മൂന്നും ഏഴ്‌ പേരുണ്ടായിരുന്ന കാലത്ത്‌,എല്ലാവര്‍ക്കും എല്ലാവരേയും അറിയാമായിരുന്നു.അത്‌ സ്വാഭാവികമല്ലേ.ആരുടെയെങ്കിലും ഒരു പോസ്റ്റ്‌ വന്നാല്‍ എല്ലാവരും വായിക്കുകയും ചെയ്യുമായിരുന്നു.കാരണം പോസ്റ്റുകളും എണ്ണത്തില്‍ കുറവ്‌.അടുക്കള തിണ്ണയിലിരുന്ന് കുശുമ്പും കുന്നായ്മയും പറയുന്ന ചേടത്തിമാരുടെ സംസാരരീതിയില്‍ കമന്റുകളും.അപ്പോള്‍ ഐക്യവും സ്നേഹവും തോന്നുക സ്വാഭാവികമാണ്‌.'

'പിന്നെ എപ്പഴണ്ണാ ഇതിനൊരു ഇടര്‍ച്ചയുണ്ടായത്‌.'

'കുഞ്ഞേ,പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്തോട്‌ കൂടി ബ്ലോഗില്‍ നര്‍മ്മത്തിന്‌ പ്രാധാന്യം ലഭിച്ച്‌ തുടങ്ങി.ആനപ്പിണ്ടം മോഡല്‍ കവിത/കഥകളില്‍ നിന്നും വ്യത്യസ്ഥമായി കുറച്ച്‌ നര്‍മ്മം ബ്ലോഗില്‍ നിന്നും വായിക്കാന്‍ പറ്റും എന്നറിഞ്ഞ്‌ വായനക്കാര്‍ വര്‍ദ്ധിച്ചു.
അങ്ങനെ വായനക്കാരായി വന്നവരില്‍ ചിലര്‍ ഭാഷയെ സ്നേഹിച്ചവര്‍ മാത്രമല്ല,ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരും കൂടിയായിരുന്നു.പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലം ആയപ്പോഴേക്കും അവരിലെ കവികളും കഥാകൃത്തുകളും ഉണന്നു.നേരത്തേ തന്നെ ഉണര്‍ന്നിരുന്നവര്‍ ഇരിക്കാന്‍ ഒരു സൈബര്‍ സീറ്റ്‌ കിട്ടിയപ്പോള്‍ ചാടിക്കേറി ഇരുന്നു.
കഥകളായി,കവിതകളായി,ലേഖനങ്ങളായി,അങ്ങനെ നല്ല നല്ല കൃതികള്‍ ബ്ലോഗില്‍ ഉണ്ടാവാന്‍ തുടങ്ങി.അവര്‍ക്കും അവരുടെ കൃതികള്‍ക്കും ആരാധകരും ഉണ്ടായി.അപ്പോള്‍ എന്ത്‌ സംഭവിച്ചു,ആദ്യകാല മുറിമൂക്കന്‍ രാജക്കന്മാര്‍ക്ക്‌ ഇരിക്കപ്പൊറുതി ഇല്ലാതായി.അവരില്‍ അസൂയ,കുശുമ്പ്‌ തുടങ്ങിയ രോഗങ്ങള്‍ കാണപ്പെട്ടു തുടങ്ങി.അനോണികളെ എങ്ങനെ വളരെ ശാസ്ത്രീയമായി ഉപയോഗിക്കാന്‍ പറ്റുമെന്ന് മുറിമൂക്കന്മാര്‍ കമന്റുകളിലൂടെ കാണിച്ച്‌ കൊടുത്തു.
അങ്ങനെ ബ്ലോഗിലെ ആദ്യ സ്പര്‍ദ്ധ ഉടലെടുത്തു.'

'അണ്ണാ,അപ്പോള്‍ പഴയ ബ്ലോഗേഴ്സും പുതിയ ബ്ലോഗേഴ്സും തമ്മിലുള്ള ഈഗോക്ലാഷ്‌ മാത്രമാണോ ഇവിടെ പ്രശ്നം.ലോബിയിംഗ്‌ ഒരു പ്രശ്നമല്ലേ.'

'കുഞ്ഞേ.തീര്‍ച്ചയായും.ലോബികള്‍ ഒരു പ്രശ്നം തന്നെയാണ്‌.പക്ഷേ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം എന്താണെന്ന് വച്ചാല്‍ ആദ്യമായി ഇവിടെ ലോബികള്‍ തിരിഞ്ഞത്‌ വര്‍ഗ്ഗീയമായോ,ലിംഗഭേദം വച്ചോ,പ്രായഭേദം വച്ചോ അല്ല.പ്രാദേശികത്വം വച്ചാണ്‌.
അമേരിക്കന്‍ ലോബി,ഗള്‍ഫ്‌ ലോബി,കേരളാ ലോബി അങ്ങനെ വേര്‍തിരിവുകള്‍ ഉണ്ടായി.ആദ്യകാലങ്ങളില്‍ കര്‍ട്ടന്‌ പിന്നില്‍ മറഞ്ഞ്‌ നിന്നിരുന്ന ലോബി പ്രഭാമയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലം ആയപ്പോഴേക്കും കര്‍ട്ടന്‍ പൊക്കിമാറ്റി വെളിയില്‍ വന്ന് തുടങ്ങി.
ലോബികളിലെ ഒരു പ്രധാന ലോബിയായ ഗല്‍ഫ്‌ ലോബി,യു.എ.യി കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌.കുവൈയിറ്റ്‌,സൗദി,ഒമാന്‍,ബഹറിന്‍,തുടങ്ങിയ പ്രദേശങ്ങളിലും ബ്ലോഗേഴ്സ്‌ ഉണ്ടെങ്കിലും ഗള്‍ഫ്‌ ലോബി പൊതുവേ യു.എ.യി കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌.വലിയ ശല്യമൊന്നുമില്ലാത്ത ലോബിയിംഗ്‌ ആണ്‌ അവരുടേത്‌.കുറച്ച്‌ കൂടി വ്യക്തമായി പറഞ്ഞാല്‍ ബ്ലോഗില്‍ അനാവശ്യമായ ഇടപെടല്‍ അവരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല.ഒറ്റപ്പെട്ട വല്ല സംഭവങ്ങള്‍ ഉണ്ടോ എന്നുള്ളത്‌ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുമില്ല.'

'അണ്ണാ,അപ്പോള്‍ മറ്റ്‌ ലോബികളോ.'

'കുഞ്ഞേ,പിന്നെയുള്ള ഒരു പ്രധാന ലോബി,കേരളാ ലോബിയാണ്‌.അത്‌ കൊച്ചി കേന്ദ്രീകരിച്ചാണ്‌ പ്രധാന പ്രവര്‍ത്തനം നടത്തുന്നത്‌.കേരളത്തില്‍ തെക്കും വടക്കും കിടക്കുന്നവര്‍ക്ക്‌ എത്തിച്ചേരാന്‍ എളുപ്പത്തില്‍ കൊച്ചി ഒരു കേന്ദ്രം ആവുകയായിരുന്നു. ഈയിടക്ക്‌ നടത്തിയ ചില നിര്‍ണ്ണായക നീക്കങ്ങളിലുടെ തങ്ങള്‍ ഒരു പ്രബലശക്തിയാണെന്ന് കേരളാ ലോബി തെളിയിച്ച്‌ കഴിഞ്ഞു.
പിന്നെയുള്ളത്‌ ബാംഗ്ലൂര്‍ ലോബിയും ചെന്നൈ ലോബിയുമാണ്‌.ഇവര്‍ കേരളാ ലോബിയുമായി വളരെ അടുപ്പത്തിലുമാണ്‌.'

"അണ്ണാ അണ്ണനപ്പോ ഏത്‌ ലോബിയാണണ്ണാ.'

'കുഞ്ഞേ,ഞാന്‍ സ്വയമേ ഒരു ലോബിയാണ്‌.
ശ്രീലങ്ക,മാലിദ്വീപ്‌,ലക്ഷദ്വീപ്‌ തുടങ്ങിയ ലോബികളെ നയിക്കുന്നത്‌ ഞാനാണ്‌.മാലിദ്വീപിലെ പ്രമുഖ ബ്ലോഗറായ മറിയം റഷീദയെ ഞാന്‍ ഈയിടെ ട്രിങ്കോമാലിയില്‍
വച്ച്‌ പരിചയപ്പെടുകയുണ്ടായി.അവരുടെ രസകരമായ കേരളാ അനുഭവങ്ങള്‍ ബ്ലോഗിലൂടെ വിവരിച്ചത്‌ ഒരു വന്‍ ഹിറ്റായിരുന്നു.അത്‌ സിനിമയാക്കുന്നതിന്‌ എസ്‌.എ.ജാന്‍,കെ.എസ്‌.ഗോപാലകൃഷ്ണന്‍ സാര്‍ തുടങ്ങിയ വമ്പന്‍ സംവിധായകര്‍ അവരെ സമീപിച്ചിട്ടുണ്ട്‌.മറിയത്തിന്റെ നായകന്‍ ഞാന്‍ ആയിരിക്കും.'

'അണ്ണാ,അണ്ണന്‍ മറ്റേ ലോബീടെ കാര്യം പറഞ്ഞില്ല.'

'ഏത്‌ കുഞ്ഞേ.'

'അണ്ണാ,അമേരിക്കന്‍ ലോബി.'

'ഹോ,അവന്റെയൊരു ആക്രാന്തം കണ്ടില്ലേ.പറയാമെടാ പറയാം.
വളരെയധികം ദുഷ്‌ പേര്‌ കേട്ടിട്ടുള്ള ഒരു ലോബിയാണ്‌ അമേരിക്കന്‍ ലോബി.മലയാളം ബ്ലോഗിന്‌ വളരെയധികം ടെക്ക്നിക്കല്‍ സംഭാവന നല്‍കിയ ആ ലോബി,എന്ത്‌ കൊണ്ട്‌ നമ്മുടെ മുഖ്യമന്ത്രി മലയാള ഭാഷക്ക്‌ നല്‍കിയ പുതിയ ഹൈലൈറ്റട്‌ പദമായ 'വെറുക്കപ്പെട്ടവര്‍' ഒപ്പം പേറുന്നു എന്ന് ചിന്തിക്കണം.
അവരില്‍ ഒരു വ്യക്തി പിന്മൊഴി സംവിധാനം കൊണ്ട്‌ നടന്നവരില്‍ പ്രമുഖനാണ്‌.പിന്മൊഴി സര്‍വര്‍ ഓടിക്കാന്‍ വേറെ പലരും കൂട്ടിനുണ്ടായിരുന്നെങ്കിലും അമേരിക്കയില്‍ സര്‍വര്‍ ഓടിച്ചിരുന്ന ആ വ്യക്തി മാത്രമാണ്‌ പഴി കേട്ട്‌ കൊണ്ടിരുന്നത്‌.പിന്മൊഴി സംവിധാനത്തിലെ ചിട്ടവട്ടങ്ങളെ എതിര്‍ത്തിരുന്ന,അല്ലെങ്കില്‍ അനുസരിക്കാന്‍ തയ്യാറാവാതിരുന്ന ചില വിപ്ലവ ബ്ലോഗേഴ്സ്‌ ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചപ്പോള്‍,പിന്മൊഴി നടത്തിപ്പുകാരനെ പിന്തുണക്കാന്‍ എത്തിയ ചില കാല്‌ നക്കികളാണ്‌ പ്രശ്നം കൂടുതല്‍ വഷളാക്കിയത്‌.നടത്തിപ്പുകാരനെ സുഖിപ്പിച്ചാല്‍ എന്തൊക്കെയോ ആനുകൂല്യം ലഭിക്കും, അല്ലേല്‍ ഞാന്‍ നടത്തിപ്പുകാരന്റെ സ്വന്തം ആളാണ്‌ എന്ന് നാട്ടുകാരെ അറിയിക്കാന്‍ വെമ്പല്‍ പൂണ്ട ചില നപുംസകങ്ങള്‍ ആണ്‌ പ്രശ്നത്തില്‍ പെട്രോള്‍ കോരി ഒഴിച്ചത്‌.
ആ കാല്‌ നക്കികളില്‍ തന്നെയുള്ള മറ്റൊരു പ്രമാണിയാണ്‌ ബ്ലോഗില്‍ അടുത്തിടെ ലിംഗഭേദം കൊണ്ടൊരു കളി കളിച്ചത്‌.വിവാദങ്ങള്‍ ഉണ്ടാക്കുക മാത്രമാണ്‌ ആ ബ്ലോഗിന്റെ ലക്ഷ്യം.അതിലൂടെ കിട്ടുന്ന ചീപ്‌ പബ്ലിസിറ്റി.ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ പറ്റാത്തവര്‍ക്ക്‌ പറ്റിയ പണി.കോമ്പ്ലക്സിന്റെ കൂത്തരങ്ങാണ്‌ ആ ബ്ലോഗ്‌.
കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ്‌ ബ്ലോഗേഴ്സിനെ മൊത്തത്തില്‍ കടന്നാക്രമിക്കുക വഴി പബ്ലിസിറ്റിക്ക്‌ വേണ്ടി എന്ത്‌ തൂക്ക്‌ കട്ടയും അവര്‍ ചുമക്കും എന്ന് എല്ലാവര്‍ക്കും മനസ്സിലായി.
നല്ല ഫോട്ടോ ഗ്രാഫേഴ്സ്‌,നല്ല ഇമ്പമാര്‍ന്ന ലളിത ഗാനങ്ങള്‍ എഴുതുന്നവര്‍,നല്ല കഥകള്‍ എഴുതുന്നവര്‍,ടെക്ക്നിക്കലായ എന്ത്‌ സഹായവും ബ്ലോഗേഴ്സിന്‌ നല്‍കാനായി സദാ തയ്യാറായി നില്‍ക്കുന്നവര്‍, അങ്ങനെ അങ്ങനെ എത്ര നല്ല ബ്ലോഗേഴ്സാണ്‌ അമേരിക്കയില്‍ ഉള്ളത്‌.എല്ലാവരുടേയും പേര്‌ ചീത്തയാക്കാന്‍ ഒറ്റ ബ്ലോഗര്‍ മതി.
അതായത്‌ 'നഞ്ചെന്തിനാ അഞ്ച്‌ കിലോ'.
ഇത്‌ എല്ലാവരും മനസ്സിലാക്കണം.മനസ്സിലാക്കി പ്രവര്‍ത്തിക്കണം.

'അണ്ണാ,അണ്ണനും ഇത്‌ തന്നെയല്ലേ ചെയ്യുന്നത്‌.പബ്ലിസിറ്റിക്ക്‌ വേണ്ടിയുള്ള ഈ പുലഭ്യം പറച്ചില്‍.'

'ടാ പുല്ലേ,എഴീച്ച്‌ പോടാ.'


ഗുണപാഠകഥ;

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ മധ്യകേരളത്തിലെ കിഴക്കന്‍ മലയോരപ്രദേശങ്ങളിലൊന്നില്‍ ഒരു നോവലിസ്റ്റ്‌ ജീവിച്ചിരുന്നു.അദ്ദേഹം എഴുതിയെഴുതി നാട്ടുകാരെ മാക്സിമം വെറുപ്പിച്ചു.
കരയുന്ന കുട്ടികളെ നോവലിസ്റ്റിന്റെ കൃതികള്‍ വായിച്ച്‌ കേള്‍പ്പിക്കും എന്ന് പറഞ്ഞ്‌ ഭയപ്പെടുത്തിയാണ്‌ അമ്മമാര്‍ നിയന്ത്രിച്ചിരുന്നത്‌.
സര്‍ക്കാര്‍,തങ്ങളുടെ ശിക്ഷാ സംവിധാനത്തില്‍ നിന്നും തൂക്കുകയര്‍ ഒഴിവാക്കി.പകരം പ്രതിയെ 24 മണിക്കൂറും നോവലിസ്റ്റിന്റെ കൃതികള്‍ വായിച്ച്‌ കേള്‍പ്പിക്കാന്‍ ഉത്തരവായി.
യുദ്ധവേളകളില്‍ സൈനികര്‍ അതിര്‍ത്തികളില്‍ മൈനിന്‌ പകരം ഇദ്ദേഹത്തിന്റെ കൃതികള്‍ വിതറി.

ഈ നോവലിസ്റ്റിന്‌ നാല്‌ മക്കളായിരുന്നു.അവരെ നാലുപേരേയും തന്റെ വഴിയിലൂടെ തന്നെ വളര്‍ത്തണമെന്ന് നോവലിസ്റ്റ്‌ ആഗ്രഹിച്ചു.

ബുദ്ധിജീവി ആയിരുന്നു ആദ്യ മകന്‍.അഛന്റെ ആഗ്രഹം പോലെ തന്നെ നാട്ടുകാരാല്‍ വെറുക്കപ്പെട്ട്‌ അയാള്‍ ജീവിച്ചു.
യഥാക്രമം കവിയും കഥാകാരനുമായിരുന്നു രണ്ടും മൂന്നും മക്കള്‍.അവരും അഛന്റെ ആഗ്രഹം പോലെ തന്നെ പെരുവഴിയിലെത്തി.
പക്ഷേ നാലാമത്തേത്‌ പെണ്ണായിരുന്നു.എട്ടാം ക്ലാസില്‍ മൂന്ന് കൊല്ലം തോറ്റപ്പോള്‍ അവള്‍ പഠിപ്പ്‌ നിര്‍ത്തി.സാറിന്‌ പ്രേമലേഖനം കൂടി കൊടുത്തപ്പോള്‍ പൂര്‍ത്തിയായി.
തൊഴിലൊന്നുമില്ലാതെ,പഠിക്കാന്‍ പോകാതെ അവള്‍ വീട്ടിലിരുന്ന് ചൊറികുത്തി.ഇടക്ക്‌ കാച്ചില്‍,ചേമ്പ്‌,ചേന,കടച്ചക്ക തുടങ്ങിയവ പുഴുങ്ങി മറ്റാര്‍ക്കും കൊടുക്കാതെ അവള്‍ തിന്നു.
നോവലിസ്റ്റ്‌ സഹികെട്ടു.മകള്‍ക്ക്‌ വല്ല പെട്ടിക്കടയും ഇട്ട്‌ കൊടുക്കാമെന്ന് വച്ചാല്‍ അവള്‍ നാരങ്ങാമുട്ടായിയുടെ പേരില്‍ നാട്ടുകാരുമായി ഇടിയുണ്ടാക്കും.തയ്യല്‍ ക്ലാസില്‍ ചേര്‍ത്താല്‍ അടുത്തിരിക്കുന്നവളെ സൂചിക്ക്‌ കുത്തും.നോവലിസ്റ്റ്‌ ധര്‍മ്മസങ്കടത്തിലായി.നാട്ടുകാരെ ഉപദ്രവിക്കാനുള്ള വാസന അവളിലുണ്ട്‌.പക്ഷേ വിദ്യാഭ്യാസത്തിന്റെ പ്രശ്നം കാരണം ഒന്നും അങ്ങോട്ട്‌ ഏല്‍ക്കുന്നില്ല.എഴുത്തും വായനയും അറിയാമായിരുന്നെങ്കില്‍ അവളുടെ സ്വഭാവം വച്ച്‌ അവള്‍ തന്നേക്കാള്‍ പേര്‌ കേള്‍പ്പിച്ചേനേ.

അവസാനം നോവലിസ്റ്റ്‌ ഒരു വഴി കണ്ടുപിടിച്ചു.

മകളെ ബ്ലോഗിംഗ്‌ പഠിപ്പിച്ചു.എന്നിട്ട്‌ അമേരിക്കയിലേക്ക്‌ കെട്ടിച്ച്‌ വിട്ടു.

ശേഷം ചിന്തനീയം.

-ശുഭം-