Friday, July 6, 2007

ഞാനും മറുമൊഴിയിലേക്ക്

അങ്ങനെ അതും സംഭവിച്ചു.
പിന്മൊഴി പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഇനി അത്‌ പുനര്‍ജനിച്ച്‌ സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും വേണ്ടി മാത്രം സര്‍വീസ്‌ നടത്തുമോ എന്നൊന്നുമറിയില്ല.
എന്തായാലും സംഗതി നിലച്ചു എന്ന് മാത്രമറിയാം.
വേറൊരു സര്‍വീസ്‌ വന്നത്‌ കൊണ്ട്‌,മത്സരം നടന്നാല്‍ പരാജയപ്പെട്ട്‌ പോകും എന്നുള്ള പേടി മൂലമാണ്‌ പിന്മൊഴി സര്‍വീസ്‌ നിര്‍ത്തിയത്‌ എന്ന് കേള്‍ക്കുന്നുണ്ട്‌.
ശരിയാണോ തെറ്റാണൊ എന്ന് കര്‍ത്താവിനോട്‌ ചോദിച്ചാല്‍ അറിയാം.
[ഡോ:കര്‍ത്താവ്‌ പേരുകേട്ട ജോത്സ്യനാണ്‌.പാട്ടുകാരി ജ്യോത്സനയല്ലാ,വെറും ജോത്സ്യന്‍]

പിന്മൊഴി നടത്തിപ്പുകാര്‍ക്ക്‌ എന്തെങ്കിലും അസൗകര്യം ഉണ്ടായത്‌ കൊണ്ട്‌ അവര്‍ സര്‍വീസ്‌ അവസാനിപ്പിച്ചു എന്ന് വിശ്വസിക്കാന്‍ ആണ്‌ എനിക്കിഷ്ടം.
പക്ഷേ അതങ്ങനയല്ലാ, വ്യക്തമായ ഗ്രൂപ്പ്‌ കളിയുടെ ഭാഗമായിരുന്നു എന്ന് ചില സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ അതും കര്‍ത്താവിനോട്‌ ചോദിക്കേണ്ടി വരും.


പിന്മൊഴി നിര്‍ത്തിയതിന്‌ ശേഷം വന്ന മറുമൊഴിയില്‍, പിന്മൊഴിയുടെ സേവനം നമുക്ക്‌ തന്ന വ്യക്തികളും അവരെ പിന്തുണച്ച്‌ കൊണ്ട്‌ ഏത്‌ പാതിരാത്രിക്കും പുറം മാന്താന്‍ വന്നിരുന്ന ചിലര്‍ എന്ത്‌ കൊണ്ട്‌ അംഗങ്ങള്‍ ആകുന്നില്ല.
നാഴികക്ക്‌ നാല്‍പ്പത്‌ വട്ടം ഒറ്റക്കെട്ടായി നമുക്ക്‌ പടവാളേന്താം എന്നും പറഞ്ഞ്‌ തെക്കുവടക്ക്‌ നടന്നിരുന്ന പലരേയും കാണുന്നില്ല.
പിന്മൊഴി നിലവില്‍ ഇല്ലാത്ത സ്ഥിതിക്ക്‌ മറുമൊഴിയില്‍ ഒറ്റക്കെട്ടിന്റെ ആള്‍ക്കാര്‍ ചേക്കേറേണ്ടതായിരുന്നില്ലേ.
അപ്പോള്‍ മനസ്സിലാക്കേണ്ടത്‌ ഒറ്റക്കെട്ടിന്റെ ആള്‍ക്കാര്‍ വിചാരിച്ചിട്ട്‌ മതി ഇവിടെ ഒറ്റക്കെട്ട്‌,
എന്നും പറഞ്ഞ്‌ പഴയ പ്രതാപത്തിന്റെ അസ്ഥിവാരത്തില്‍ വലത്തെകൈകൊണ്ട്‌ മാന്തി,
ചൊറിയുന്ന പുണ്ണില്‍ ഇടത്തേക്കൈകൊണ്ടും മാന്തി ചുമ്മാ മാനത്തും നോക്കി ഇരിക്കുവാണെന്ന് തന്നെ കരുതാം.

പഴയകാലത്ത്‌ സര്‍വീസ്‌ നടത്തിയിരുന്ന വണ്ടി കട്ടപ്പുറത്ത്‌ കേറ്റി.
അത്‌ കാരണം പുതിയ ബസ്സ്‌ ഓടിത്തുടങ്ങി.പ
ഴയ ബസ്സ്‌ കട്ടപ്പുറം ആയേക്കും എന്ന് ചില ത്രികാല ജ്നാനികള്‍ മുന്‍ കൂട്ടിയറിഞ്ഞ്‌ ഓടുന്ന പട്ടിക്ക്‌ ഒരുമുഴം മുന്‍പേ ഒരു കീറ്‌ കൊടുത്തതാണെന്ന് പറഞ്ഞ്‌ കേള്‍ക്കുന്നുണ്ട്‌.
അതും കര്‍ത്താവിനറിയാം.
എന്നാല്‍ പുതിയ ബസ്സില്‍ പല പഴയ കാര്‍ന്നോമ്മാരും കേറാന്‍ ഇഷ്ടപ്പെടുന്നില്ല.
കാരണം എന്താന്ന് ചോദിച്ചാല്‍,നിസ്സാരമായിട്ട്‌ ഉത്തരം പറയാം.
'ഈഗോ'.
ഈഗോ അല്ലാതെ മറ്റൊന്നുമല്ലാ ഇതിന്റെ പിന്നില്‍.

പിന്മൊഴി കാരണം തമ്മില്‍ തല്ലും തൊഴുത്തില്‍ കുത്തും കൂടുന്നു,താന്‍ ഇടുന്ന കമന്റുകളൊരു പരസ്യബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും എന്നറിഞ്ഞ്‌ കൊണ്ട്‌ മനപ്പൂര്‍വം തൊഴുത്തിലിട്ട്‌ കുത്തുന്നതാണ്‌ എന്നും പറഞ്ഞ്‌ കേട്ടു.
എന്നാല്‍ പഴയ ബ്ലോഗേര്‍സ്‌ എന്ന് അവകാശപ്പെട്ട്‌ ചിലര്‍ നടത്തുന്ന കുത്സിതപ്രവൃത്തികളെ മറ്റുചിലര്‍ എതിര്‍ത്തപ്പോഴാണ്‌ ,
അയ്യോ എന്നെ തൊഴുത്തിലിട്ട്‌ കുത്തുന്നേ എന്ന് ചിലര്‍ കരഞ്ഞത്‌ എന്നും പറഞ്ഞ്‌ കേള്‍ക്കുന്നു.
മലയാളത്തില്‍ ബ്ലോഗിംഗ്‌ തുടങ്ങിയ കാലത്തേയുള്ള എത്രയോ ആളുകള്‍ ഉണ്ട്‌,
അവരുടെ കാര്യവും നോക്കി,പോസ്റ്റുകളും ഇട്ട്‌,മറ്റുള്ള പോസ്റ്റുകള്‍ കണ്ട്‌ കമന്റുകളും വച്ച്‌ പുതിയവര്‍ക്ക്‌ പ്രോത്സാഹനവും നല്‍കി കാര്യങ്ങള്‍ നീക്കുന്നവര്‍.
എന്നാല്‍ അവരൊന്നും, തന്നെ തൊഴുത്തിലിട്ട്‌ കുത്തിയേ എന്നും പറഞ്ഞ്‌ മോങ്ങി കേട്ടിട്ടില്ല.
ബ്ലോഗിംഗ്‌ എന്ന് പറഞ്ഞാല്‍ വല്ലപ്പോഴും എന്തെങ്കിലും സ്വന്തം താളില്‍ കുത്തിക്കുറിക്കണ്ടേ.
ഇത്‌ അത്‌ ചെയ്യൂല്ലാ എന്ന് മാത്രമല്ലാ,ബാക്കിയുള്ളവര്‍ എന്തെങ്കിലും ചെയ്യാന്‍ പോയാല്‍ കയ്യിട്ട്‌ വാരാനും വരും.
അടുപ്പിച്ചില്ലേല്‍ പിന്നെ നിന്നെ കാണിച്ച്‌ തരാമെടാ എന്നായി.
അതായത്‌ ഭീഷണി.
നിലത്ത്‌ നിന്നാലേ ഏത്‌ അമ്മാവനും വിലയുള്ളൂ എന്ന് മനസ്സിലായില്ലേ.
ഇനിയിപ്പോള്‍ ചിന്നിചിതറിയ സ്വന്തം മൂട്‌ താങ്ങികള്‍ കൂടിയുണ്ടാവൂല്ലാ ഒന്ന് താങ്ങാന്‍.
താങ്ങാന്‍ ആളില്ലേല്‍ ജീവിക്കാന്‍ പറ്റാത്ത ആളുകള്‍ ആണല്ലോ.

കുറച്ച്‌ നാള്‍ കൂടി എഴുതിയത്‌ ഇങ്ങനെ ആകേണ്ടി വന്നതില്‍ ശരിക്കും വിഷമം ഉണ്ട്‌.
എന്ത്‌ ചെയ്യാന്‍,വേറെ വഴിയില്ല.

ഈ പോസ്റ്റുമുതല്‍ ഞാനും മറുമൊഴിയിലേക്ക്‌.
എന്റെ കഴിഞ്ഞ പോസ്റ്റുകള്‍ പിന്മൊഴിയിലെത്തിച്ച്‌ എന്നെ സഹായിച്ച ഏവൂരാനോടും കൂട്ടരോടൂം ഒരു നന്ദി.
നിങ്ങള്‍ നാലഞ്ച്‌ പേര്‍ വളരെയധികം നല്ല സഹായമാണ്‌ എന്നോടും എഴുതാന്‍ തുടങ്ങുന്ന മറ്റു ബ്ലോഗേഴ്സിനോടും
ചെയ്തത്‌.
പക്ഷേ നിങ്ങളുടെ പ്രതിനിധി എന്ന മട്ടില്‍ ചിലയിടത്ത്‌ ചെന്ന് സംസാരിക്കുന്ന,
ഭീഷണിപ്പെടുത്തുന്ന മറ്റു ചിലരാണ്‌,
ചില കടല്‍കിഴവന്മാരാണ്‌ ഇവിടെ ഒരു പൊട്ടിത്തെറിക്ക്‌ കാരണഹേതു എന്ന് പച്ചയായിട്ട്‌ തന്നെ പറഞ്ഞിട്ട്‌ ഞാന്‍ അവസാനിപ്പിക്കുന്നു.