Thursday, April 26, 2007

എങ്ങനെ ബുദ്ധിജീവിയാകാം.

ബൂലോഗത്തില്‍ എങ്ങനെ ബുദ്ധിജീവിയാവാം.

ചോദ്യത്തില്‍ എന്തെങ്കിലും കുനുഷ്ട്‌ തോന്നുന്നുണ്ടോ.
എങ്കില്‍ ഈ ചോദ്യം ഒന്ന് പരിഷ്കരിക്കാം.

ബൂലോഗത്തില്‍ എങ്ങനെ ബുദ്ധിജീവി ചമയാം.
ഇപ്പോള്‍ ക്ലീയര്‍ ആയില്ലേ.
നിങ്ങള്‍ക്കും ബൂലോഗത്തിലെ ഒരു ബുദ്ധിജിവിയാകാം.
അതിനുള്ള കുറച്ച്‌ വഴികള്‍ ഞാന്‍ താഴെ വിവരിക്കാം.

ബുദ്ധിജീവി ചമയാന്‍ ജീവികള്‍ക്ക്‌ ബുദ്ധിവേണമെന്നില്ല.
വളരെ നിഷ്‌ പ്രയാസം സാധിക്കാവുന്ന ഒരു സംഗതിയാണത്‌.

ബുദ്ധിജീവി ചമയുന്നതിന്റെ ആദ്യപടി എന്താണെന്ന് വച്ചാല്‍,കുറച്ച്‌ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുക.
വെറുതെ വാങ്ങിക്കൂട്ടിയാല്‍ മാത്രം മതി,ബുദ്ധിമുട്ടി വായിക്കണമെന്ന് നിര്‍ബന്ധമില്ല.
വേദങ്ങള്‍,ക്ലാസ്സിക്കുകള്‍ മുതല്‍ ഉത്തരാധുനിക സാഹിത്യകൃതികള്‍ വരെ ശേഖരത്തില്‍ ഉള്‍പ്പെടുത്തുക.

അതു കഴിഞ്ഞാല്‍ സ്വന്തമായി ഒരു ബ്ലോഗ്‌ നിര്‍മ്മിക്കുക.
ശേഷം ഒരു ഇടിവെട്ട്‌ പേരിടുക.
യവനം,ഭുവനം,കവനം,ചര്‍വ്വണം,പര്‍വ്വണം,കര്‍വ്വണം,ആന്തരികം,പാന്തരികം,കൂന്തരികം തുടങ്ങിയ രീതിയിലുള്ള കഞ്ചാവ്‌ പേരുകള്‍ ബ്ലോഗിനായി കണ്ടെത്തുക.
ഇനി നിങ്ങളും ഒരു നാമം കണ്ടെത്തണം.
ചരിത്രപുരുഷന്മാര്‍,പുരാണകഥാപാത്രങ്ങള്‍,ക്ലാസിക്കുകളിലെ നായകന്മാര്‍ തുടങ്ങിയവരുടെ പേരുകള്‍ ഒന്ന് പരിഷ്കരിച്ച്‌ ഒരു നെഞ്ച്‌ കലക്കി പേര്‍ ആക്കി മാറ്റി സ്വീകരിക്കുക.
ഉദാ-രാവണന്‍ എന്ന പേരില്‍ രാവണേട്ടന്‍,രാവണാത്മജന്‍,രാമരാവണന്‍,രവണന്‍,രാവണാസ്യന്‍ തുടങ്ങിയ രീതിയിലുള്ള പരിഷ്കാരങ്ങള്‍ നടത്തുക.

തുടര്‍ന്ന് ബ്ലോഗില്‍ ഒരു ഇന്‍ ട്രൊഡക്ഷന്‍ പോസ്റ്റ്‌ അവതരിപ്പിക്കുക.
അതില്‍ വേദങ്ങളില്‍ നിന്നുള്ള ഏതെങ്കിലും 2 വരി തീര്‍ച്ചയായും ഉപയോഗിച്ചിരിക്കണം.ഉദാ-'തമസോമാ ജ്യോതിര്‍ഗമയ','യഥാരാജാ തഥാ പ്രജാ','കാള പെറ്റു കയറെടുത്തു'.

പിന്നെ അവിടെ പോസ്റ്റുകളൊന്നും ഇട്ടേക്കരുത്‌.
നിര്‍ബന്ധമാണെങ്കില്‍ വല്ല വിഷുവിനോ ഓണത്തിനോ വല്ല ആശംസാപോസ്റ്റുകളും താങ്ങുക.
പിന്നെ വല്ല പ്രശസ്ത വ്യക്തികളും കാലം ചെയ്യുകയാണെങ്കില്‍ ഒരു അനുശോചന പോസ്റ്റും തട്ടിയേക്കുക.
ആ പോസ്റ്റിലെ വാചകങ്ങള്‍ നേരത്തേ കരുതി വച്ചിരിക്കുന്ന കൃതികളില്‍ നിന്നോ,തീര്‍ന്ന് പോയ മനുഷ്യന്‍ പുസ്തകം എഴുതുക തുടങ്ങിയ സാഹസങ്ങള്‍ ചെയ്തിട്ടുള്ള ആള്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ കൃതിയില്‍ നിന്നോ ആയിരിക്കണം.
രാവിലേ പത്രം വായിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ മരിച്ചയാളിന്റെ ഏകദേശ ചരിത്രം കിട്ടുകയും,അതിനനുസരിച്ച്‌ പോസ്റ്റുകളിലെ വാചകങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യാം.
വ്യക്തികള്‍ സാഹിത്യകലാ രംഗങ്ങളില്‍ ഉയര്‍ന്ന രംഗത്ത്‌ വിഹരിച്ചിട്ടുള്ളവരും,പൈങ്കിളി,കച്ചവട സിനിമ തുടങ്ങിയ നാണക്കേട്‌ ശാഖകളില്‍ അല്‍പം പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്തവരും ആകേണ്ടതാകുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഈ രീതിയിലുള്ള സ്വന്തം പോസ്റ്റുകള്‍ കഴിഞ്ഞാല്‍ പിന്നെ, ബൂലോഗത്ത്‌ ഒരു ബുദ്ധിജീവിക്ക്‌ ചെയ്യാനുള്ളത്‌,അല്ലെങ്കില്‍ ഒരു ബുദ്ധിജീവി ഇവിടെ ജിവിക്കുന്നു എന്ന് നാട്ടുകാര്‍ അറിയാനുള്ള മാര്‍ഗ്ഗം തുടരെ തുടരെ കമന്റുകള്‍ ഉല്‍പ്പാദിപ്പിക്കുക എന്ന പ്രക്രിയയില്‍ കൂടിയാകുന്നു.
കമന്റുകള്‍ നിര്‍വഹിക്കേണ്ടവിധം എങ്ങനെയാണെന്ന് വച്ചാല്‍,ആദ്യമായി, നിലവില്‍ ബൂലോഗത്തുള്ള കൂടിയ സൈസ്‌ ബുദ്ധിജീവികളുടെ ലിസ്റ്റ്‌ എടുക്കുക.അവരുടെ പോസ്റ്റുകള്‍ കണ്ടെത്തുക.അത്‌ എങ്ങനെയാണെന്ന് വച്ചാല്‍,പോസ്റ്റുകള്‍ എല്ലാം വായിക്കുന്നതിനിടയില്‍,വായിച്ചിട്ട്‌ ഇത്‌ മലയാളം തന്നെയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രചനകള്‍ വല്ലതും തടയുകയാണെങ്കില്‍ തീര്‍ച്ചയാക്കുക,അത്‌ ഒരു ബുദ്ധിജീവി രചനയാകുന്നു.ആദ്യ കമന്റ്‌ അവിടെ തന്നെ ആയിക്കോട്ടെ.പുസ്തകശേഖരത്തില്‍ നിന്ന് ഒരു കടുകട്ടി ഇനം തപ്പിയെടുക്കുക.ദൈവവിശാസിയാണെങ്കില്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ടും,ഇനി ദൈവ വിശാസിയല്ലായെങ്കില്‍ വെള്ളാപ്പള്ളിയെ ധ്യാനിച്ച്‌ കൊണ്ടും പുസ്തകത്തിന്റെ ഏതെങ്കിലും ഒരു പേജ്‌ തുറക്കുക.കണ്ണില്‍പ്പെടുന്ന ആദ്യ നാലുവാചകങ്ങള്‍ കമന്റ്‌ രൂപത്തില്‍ ആ പോസ്റ്റില്‍ ഇട്ടേക്കുക.കഴിഞ്ഞു,ഇനി ആ പ്രദേശത്തേക്ക്‌ പോകരുത്‌.പോസ്റ്റിട്ടവന്‍ ഏതായാലും ആ കമന്റിനെ ചോദ്യം ചെയ്യാന്‍ സാധ്യതയില്ലാ.കാരണം സ്വന്തം കൃതിയില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ ആനയാണൊ കുതിരയാണോ എന്ന് അയാള്‍ക്ക്‌ തന്നെ വലിയ നിശ്ചയം ഉണ്ടാകില്ല.ഇനി വേറെ വായനക്കാര്‍ ആരെങ്കിലും ചോദ്യം ചെയ്യുകയാണെങ്കില്‍ മറ്റൊരു കടുകട്ടി കൃതി തുറക്കുക,നാലുവാചകം പിന്നേയും പ്രയോഗിക്കുക.അതിനേയും ചോദ്യം ചെയ്യുകയാണെങ്കില്‍,ഇനി ഈ പോസ്റ്റില്‍ ഒരു തര്‍ക്കത്തിലേര്‍പ്പെടാന്‍ ഞാന്‍ ഇല്ലെന്നും നമുക്ക്‌ ചാറ്റ്‌ വഴിയോ മെയില്‍ വഴിയോ അങ്കം വെട്ടാം എന്ന് പറഞ്ഞ്‌ മെയില്‍ അഡ്രസ്‌ അവിടെ ഉപേക്ഷിക്കുക.എതിരാളി ചാറ്റാന്‍ വന്നാല്‍,അവിടെ വച്ച്‌, അവന്റെ കാലിലേക്ക്‌ വീഴുക.എതിരാളി, മേലില്‍ ഏതെങ്കിലും തര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ പിന്തുണയും വാഗ്ദാനം ചെയ്യുക.

ഒരു കാരണവശാലും ഹാസ്യകൃതികളില്‍ ആദ്യമേ കേറി കമന്റിടരുത്‌ എന്നുള്ളതായിരിക്കണം ഒരു ബുദ്ധിജീവിയായിരിക്കാന്‍ വേണ്ട അടുത്ത സ്റ്റെപ്പ്‌.കൂമ്പാരം പോലെ കമന്റുകള്‍ കണ്ടാലും ആ പ്രദേശത്തേക്ക്‌ മൈയിന്‍ഡ്‌ ചെയ്യരുത്‌.ബുദ്ധിജീവി ഗണത്തില്‍ പെട്ട വേറെ ആരെങ്കിലും അവിടെ കമന്റിടുന്നുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയും വേണം.അങ്ങനെയുള്ള കമന്റുകളുടെ എണ്ണം,അഞ്ച്‌ എന്ന അക്കം കടന്നാല്‍ നമ്മളും ഇടപെടുക.ഇവിടെ അയ്യപ്പപണിക്കര്‍,അയ്യപ്പന്‍,ചുള്ളിക്കാട്‌,കടമ്മനിട്ട,സച്ചിതാനന്ദന്‍ തുടങ്ങിയ കവികളുടെ കൃതിയില്‍ നിന്നുമുള്ള വരികള്‍ കമന്റായി ഉപയോഗിക്കണം.ഹാസ്യകൃതിയില്‍ കടമ്മനിട്ടക്ക്‌ എന്ത്‌ കാര്യം എന്ന് ചിന്തിച്ച്‌ തലപുകക്കുകയൊന്നും വേണ്ട.
വച്ച്‌ കീറുക,ഡോണ്ട്‌ വറി.
ഇതൊക്കെ തന്നെ ബുദ്ധിജീവി.

അടുത്ത സ്റ്റെപ്പ്‌, പഠനം അകുന്നു.മറ്റുള്ളവരുടെ കൃതികളെക്കുറിച്ചുള്ള പഠനം.പഠനത്തിനായി സ്ത്രീ ബ്ലോഗറുമ്മാരുടെ കൃതികള്‍ കൂടുതലായി ഉപയോഗിക്കുന്ന പ്രവണത ബൂലോഗത്ത്‌ കണ്ട്‌ വരുന്നതിനാല്‍ നിങ്ങളും ആ വഴി തന്നെ പിന്തുടരുക.ഉപമ,ഉപയുടെ പുറത്ത്‌ ഉപമ,വന്‍ കൃതികള്‍ മേശപ്പുറത്ത്‌ വിതറിയിട്ടുകൊണ്ടുള്ള ഉപമ,ഇതൊക്കെ പരീക്ഷിക്കാം.വേണമെങ്കില്‍ ഒരു പഠനപോസ്റ്റ്‌ പോലും പുറത്തിറക്കാന്‍ നിങ്ങള്‍ തയ്യാറാകണം.അവസാനം ആ പെങ്കൊച്ച്‌ സഹികെട്ട്‌ നിങ്ങളുടെ തന്തക്ക്‌ വിളിക്കുന്നത്‌ വരെ പഠനം തുടരുക.

ഒരു കാരണവശാലും പുതുമുഖങ്ങള്‍ക്ക്‌ സ്വാഗതം പറയുകയോ,അവരുടെ ആദ്യകാല കൃതികളില്‍ കമന്റ്‌ പറയുകയോ ചെയ്യരുത്‌.ഇനി പുതുമുഖം ഒരു പുലിയാണെങ്കില്‍,അതായത്‌ മറ്റുള്ള രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം സൈബര്‍ രംഗത്തേക്ക്‌ ആദ്യമായി കടന്ന് വരുന്ന വ്യക്തിയാണെങ്കില്‍ ആദ്യ സ്വാഗതം നമ്മുടെ തന്നെ ആയിരിക്കണം.അദ്ദേഹം കടന്ന് വന്നത്‌ നമ്മള്‍ അദ്യം അറിഞ്ഞില്ലാ എങ്കില്‍,പത്ത്‌ മുപ്പത്‌ സ്വാഗതകമന്റുകള്‍ക്ക്‌ ശേഷം മാത്രമുള്ള നമ്മുടെ സ്വാഗതകമന്റ്‌ ബഹളത്തില്‍ മുങ്ങി പോകും.അങ്ങനെ മുങ്ങാതിരിക്കാന്‍ ചെയ്യേണ്ടത്‌ എന്താണെന്ന് വച്ചാല്‍ അവിടെ രംഗത്തിറക്കേണ്ടത്‌ എതിര്‍പ്പിനെയാകുന്നു.പ്രമുഖന്റെ ആദ്യകാല പ്രവൃത്തികളില്‍ നിന്നുള്ള നെഗറ്റീവ്‌ സംഭവങ്ങളെ പര്‍വതീകരിച്ച്‌ കമന്റുകളുടെ രൂപത്തിലാക്കുകയും,വീട്ടില്‍ പോടാ എന്ന് ആക്രോശിക്കുകയും ചെയ്യുക.

വിവാദങ്ങളില്‍ തീര്‍ച്ചയായും ഇടപെടണം. തന്റെ വാദങ്ങള്‍ വ്യക്തമായ രീതിയില്‍ തന്നെ അവതരിപ്പികുകയും വേണം.അതായത്‌ പോസ്റ്റിട്ടവനോ,വായിക്കുന്നവനോ,വാദിക്കുന്ന തനിക്ക്‌ തന്നെയോ ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത രീതിയിലായിരിക്കണം കമന്റുകള്‍ ഇടേണ്ടത്‌.ചര്‍ച്ചകളില്‍ രണ്ടോ,അതില്‍ കൂടുതലോ പക്ഷങ്ങള്‍ ഉണ്ടാകാം.ഒരു പക്ഷത്തിനും നമ്മള്‍ ഏത്‌ ഭാഗത്താണെന്ന് മനസ്സിലാകാത്ത രീതിയില്‍ വേണം ഇടപെടാന്‍.അതായത്‌ ചര്‍ച്ച ഇറാഖിനെക്കുറിച്ചാണെങ്കില്‍ നമ്മള്‍ ശ്രീലങ്കയെക്കുറിച്ച്‌ പറയുക.അപ്പോള്‍ ചര്‍ച്ച തിരിഞ്ഞ്‌ വളഞ്ഞ്‌ ലങ്കയിലേക്ക്‌ എത്തുകയാണെങ്കില്‍ നമ്മള്‍ ബാള്‍ട്ടിമോറിലെ കാപ്പിക്കുരുവിനെക്കുറിച്ച്‌ പറയുക.അവസാനം സഹികെട്ട്‌ ആ ബ്ലോഗിന്റെ ഉടമ ആ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യുന്നതുവരെ ചര്‍ച്ച തുടരുക.

ഏത്‌ പോസ്റ്റിലാണെങ്കിലും കമന്റുകള്‍ ഒന്നരപ്പുറത്തില്‍ കവിഞ്ഞിരിക്കണം.പിന്മൊഴി നിറയണം.അതായത്‌ ജനം മുഴുവന്‍ വായിക്കരുത്‌.സഹികെട്ട്‌,ഇവനൊരു ബുദ്ധിജിവി പിശാച്‌ ആണെന്ന് തോന്നുന്നു,വലിയ ശല്യമായല്ലോ എന്ന് പറയിപ്പിക്കണം.അങ്ങനെ പറയിപ്പിക്കാന്‍ കഴിയുന്നതുവരെ ശ്രമിക്കുക.
ഈ മാതിരി അഭ്യാസങ്ങള്‍ കൊണ്ട്‌ ഒരു ചെറിയ ബുദ്ധിജീവി ഇമേജ്‌ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.ഇനി ഇതൊക്കെ പരീക്ഷിച്ച്‌ പരാജയപ്പെട്ടാല്‍,വിഷമിക്കാതിരിക്കുക,എന്റെ അടുത്ത പോസ്റ്റില്‍ ഈ രീതികള്‍ പരാജയപ്പെടാനുള്ള സാധ്യതകള്‍,മറികടക്കാനുള്ള വഴികള്‍ ഇവയൊക്കെ വളരെ വിശദമായി പ്രതിപാദിക്കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാത്തിരിക്കുക.വിജയം നിങ്ങളുടേതാകുന്നു.


[ചില വെടക്ക്‌ പിള്ളേരുണ്ട്‌,ഈ ബൂലോഗത്ത്‌.ആ പ്രദേശത്തെങ്ങും ഈ അഭ്യാസവും കൊണ്ട്‌ ചെല്ലരുത്‌.അതുങ്ങള്‍ ഒടിച്ച്‌ മടക്കി പെട്ടീലാക്കി വീട്ടിലേക്ക്‌ കൊറിയര്‍ ചെയ്യും]

Friday, April 20, 2007

ഇവിടെ തുടങ്ങുന്നു

ആര്‍ക്കെങ്കിലും സ്വന്തം കൃതികളുടെ പഠനം,അല്ലെങ്കില്‍ മറ്റുള്ള ബ്ലോഗേഴ്സിന്റെ കൃതികളുടെ ചങ്ക്‌ കലക്കുന്ന വിമര്‍ശനം എന്നിവക്ക്‌ സമീപിക്കുക.
വിമര്‍ശിച്ച്‌ കൊടുക്കപ്പെടും,കൃതികളുടെ പഠനം നടത്തികൊടുക്കപ്പെടും,നിങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അര്‍ഥങ്ങള്‍ നിങ്ങളുടെ കവിതക്ക്‌ കണ്ടെത്തി നിങ്ങളെ ഒരു വന്‍ എഴുത്തുകാരനാക്കി മാറ്റും,അങ്ങനെ ഒരു വലിയ സാധ്യത നിങ്ങളുടെ മുന്‍പില്‍ ഞാന്‍ തുറക്കുന്നു.

അപ്പോള്‍ നിങ്ങള്‍ കടന്ന് വരില്ലേ.

എന്ന് നിങ്ങളുടെ സ്വന്തം ബുദ്ധിജീവി.