Tuesday, May 29, 2007

എങ്ങനെ പ്രശസ്തന്‍/പ്രശസ്തയാകാം

നമസ്കാരം സുഹൃത്തുക്കളേ,
എങ്ങനെ ഒരു ബുദ്ധിജീവിയാകാം എന്ന ക്ലാസ്‌ നിങ്ങള്‍ക്ക്‌ പലര്‍ക്കും പ്രയോജനപ്പെട്ട്‌ കാണുമെന്ന് വിശ്വസിക്കുന്നു.
പ്രയോജനം ലഭിച്ചവര്‍ക്ക്‌ ആവശ്യത്തിനു പ്രശസ്തിയും ലഭിച്ചെന്ന് ഞാന്‍ കരുതട്ടെ.
അത്‌ കൊണ്ട്‌ പ്രയോജനം ലഭിക്കാത്തവര്‍ക്ക്‌ എളുപ്പവഴിയില്‍
പ്രശസ്തനാകാനുള്ള/പ്രശസ്തയാകാനുള്ള കുറച്ച്‌ വഴികളാണ്‌
ഈ പ്രാവശ്യത്തെ എന്റെ ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

നിങ്ങള്‍ ബ്ലോഗ്‌ തുടങ്ങി.
പോസ്റ്റുകള്‍ ഇട്ടും തുടങ്ങി.
ഇങ്ങോട്ട്‌ കമന്റ്‌ വരുത്തുന്നതിന്റെ ഭാഗമായിട്ട്‌ അങ്ങോട്ട്‌ ചെന്ന് കമന്റിട്ടും തുടങ്ങി.
എന്നിട്ടും നിങ്ങളുടെ ബ്ലോഗില്‍ ഒരു പൂച്ചക്കാളീം കയറുന്നില്ലേ.
നിങ്ങള്‍ക്ക്‌ നിങ്ങളുടെ ബ്ലോഗ്‌ കത്തിച്ച്‌ കളഞ്ഞിട്ട്‌ അടുത്ത ബസ്‌ പിടിച്ച്‌ കാശിക്ക്‌ പോകാന്‍ തോന്നുന്നുവോ.

വെയിറ്റ്‌,ബ്ലോഗ്‌ കത്തിക്കാന്‍ വരട്ടെ.ഞാന്‍ ഇനി പറയുന്ന കുറച്ച്‌ വിദ്യകള്‍ പരീക്ഷിക്കൂ.


1.നിലവില്‍ കൂടുതല്‍ കമന്റുകള്‍ കിട്ടുന്ന,അതിനി തമാശ ബ്ലോഗായാലും സീരിയസ്‌ ബ്ലോഗായാലും കവിതാ ബ്ലോഗായാലും,
നേരേ അങ്ങോട്ട്‌ കടന്ന് ചെല്ലുക.
അവിടെ ഒരു പടക്കം എറിഞ്ഞേക്കുക.പടക്കം വാങ്ങാന്‍ കടയിലേക്ക്‌ ഓടാന്‍ വരട്ടെ.
ഞാന്‍ ഉദ്ദേശിച്ചത്‌ എന്താണെന്ന് വച്ചാല്‍,
എല്ലാവരും-കൊള്ളാം,നന്നായി,കലക്കി,ഇനിയുമെഴുതുക,ചിരിപ്പിച്ചു എന്നൊക്കെ കമറ്റിടുന്നതിനിടയില്‍ കേറി ഒരു നെഗറ്റീവ്‌ കമന്റ്‌ ഇടുക.
എന്നു വച്ചാല്‍ ഇതാണോ കവിത,വെറുതെ കണ്ണടച്ച്‌ ഇരുട്ടാക്കരുത്‌.

അല്ലെങ്കില്‍ ഇതെന്ത്‌ ഹാസ്യം,കഴുതകരയുന്നതും തെന്നിവീഴുന്നതും ഹാസ്യമായിരുന്ന പണ്ടത്തെ വളിപ്പ്‌ സിനിമകളുടെ പ്രേതങ്ങള്‍ ആണല്ലോ ഈ ബൂലോഗം ഭരിക്കുന്നത്‌.ഇതില്‍ നിന്ന് വായനക്കാരനൊരു മോചനമില്ലേ.

അതുമല്ലേല്‍ കണ്ണീര്‍കഥകള്‍ ബ്ലോഗിലും ഒരു തീരാ ശാപമായി മാറുകയാണല്ലോ.ഇതിലും ഭേദം വല്ല സീരിയലും കാണാം.

മതി.

നിങ്ങള്‍ ശ്രദ്ധിക്കപ്പെട്ട്‌ കഴിഞ്ഞു.
ഒരു വിധപ്പെട്ടവനൊന്നും നിങ്ങള്‍ക്ക്‌ മറുപടി എഴുതില്ല.
മറുപടി എഴുതിയാല്‍ നിങ്ങള്‍ക്ക്‌ തിരിച്ച്‌ ചോദിക്കാം.
എന്താണ്‌ എഴുത്തുകാരാ,നിങ്ങള്‍ക്ക്‌ വിമര്‍ശത്തെ ഭയമാണോ.
സുഖിപ്പികുന്ന കമന്റുകള്‍ മാത്രമേ നിങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്നാണോ.

മതി,അപ്പോള്‍ നമ്മള്‍ ആരായി.
നല്ല ഒന്നാംതരം ചങ്കൂറ്റം ഉള്ളവന്‍.
പുലിമടയില്‍ കയറി വിമര്‍ശിച്ചവന്‍.നിങ്ങള്‍ പിന്നേം ശ്രദ്ധിക്കപ്പെട്ടു.

2.ഇത്‌ സ്ത്രീ ബ്ലോഗേഴ്സിന്‌ മാത്രമുള്ള വിദ്യയാണ്‌.
സ്ത്രീ ബ്ലോഗേഴ്സിന്‌ കമന്റുകള്‍ കുറയാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല.
എന്നാലും നാല്‍പത്‌ വയസ്സ്‌ കഴിഞ്ഞവരാണെങ്കില്‍ അത്‌ പ്രൊഫയിലില്‍ വെളിപ്പെടുത്താതിരിക്കുകയാണ്‌ നല്ലത്‌.
വെറുതേയെന്തിനാ റിസ്ക്‌ എടുക്കുന്നത്‌.

നിങ്ങള്‍ കമന്റുകള്‍ ഇടുമ്പോള്‍ വാക്കുകളിലും വാക്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.
അതായത്‌ ഇല്ല എന്ന വാക്ക്‌ ഇല്ല്യാ എന്നേ ഉപയോഗിക്കാവൂ.
ഉദാ;കിട്ടില്ല്യാ,വരില്ല്യാ,എനിക്കറിയില്ല്യാട്ടോ.
'ട്ടോ' എന്ന ശബ്ദം മിക്ക വരികളിലും കുത്തിക്കേറ്റാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്‌.
അങ്ങനെ 'ട്ടോ' എന്ന ശബ്ദം ഉണ്ടാക്കി കൊണ്ട്‌ തന്നെ, നേരേ പോയി ഒരു ഫെമിനിസ്റ്റ്‌ ആകുക.

അങ്ങനെ വെറുതെയൊന്നും ഫെമിനിസ്റ്റ്‌ ആകാന്‍ പറ്റില്ല.

അതിന്‌ കുറച്ച്‌ പണിയുണ്ട്‌.തയ്യാറാണെങ്കില്‍ മാത്രം നിങ്ങള്‍ ഈ വഴി തിരഞ്ഞെടുക്കുക.
നിങ്ങളെ പ്രശസ്തയാക്കുന്ന കാര്യം ഞാനേറ്റു.

മഹിള,വനിത,സ്ത്രീ ഈ മൂന്ന് വാക്കുകള്‍ ഫില്‍ട്ടറില്‍ ഇടുക.
നിങ്ങള്‍ക്ക്‌ കമന്റ്‌ മെയില്‍ കിട്ടിയാല്‍ ഉടനേ പുറപ്പെടുക.
ഒന്നൊന്നര പുറം കവിയാതെയുള്ള ഒരു കമന്റ്‌ നേരത്തേ റെഡിയാക്കി വച്ചേക്കണം.
അതില്‍ പ്രത്യേകിച്ചൊന്നും വേണ്ട.
കടിച്ചാല്‍ പൊട്ടാത്ത,വീട്ടില്‍ ഉപയോഗിച്ചാല്‍ തെറിയാണെന്ന് വിചാരിച്ച്‌ നിങ്ങളുടെ ഭര്‍ത്താവ്‌ നിങ്ങളുടെ മുതുകത്തിട്ട്‌ ഇടിക്കാന്‍ ചാന്‍സുള്ള ടയിപ്പ്‌ വാക്കുകള്‍ കോര്‍ത്ത്‌ വച്ച ഒരഭ്യാസം.
ഈ കമന്റിന്റെ ഉടമ ഒരു സ്ത്രി ആയത്‌ കൊണ്ട്‌ വലിയ ചോദ്യം ചെയ്യലൊന്നും ഉണ്ടാകില്ല.ഞാന്‍ യോജികുന്നു,അനുകൂലിക്കുന്നു,ആ പറഞ്ഞത്‌ ശരിയാണ്‌ തുടങ്ങിയ കമന്റുകളുടെ ഇടയില്‍ ഒറ്റപ്പെട്ട രീതിയില്‍ ആരെങ്കിലും കേറി കോര്‍ത്താല്‍,ആദ്യമിട്ട കമന്റ്‌ തന്നെ കഠിനമായ പദങ്ങള്‍ തിരിച്ചും മറിച്ചുമിട്ട്‌ ഒന്നുകൂടി താങ്ങിയേക്കുക.
മതി,നിങ്ങള്‍ പ്രശസ്തയായി കഴിഞ്ഞു.

തല്‍ക്കാലം ഇതൊന്ന് പരീക്ഷിച്ച്‌ നോക്കുക.
വിജയിക്കാതിരിക്കില്ല.
വിജയിച്ചില്ലെങ്കില്‍ പുതിയ വഴികളുമായി ഞാന്‍ വീണ്ടും വരുന്നതു വരെ കാത്തിരിക്കുക.

ഹാപ്പി ബ്ലോഗിംഗ്‌