Tuesday, May 29, 2007

എങ്ങനെ പ്രശസ്തന്‍/പ്രശസ്തയാകാം

നമസ്കാരം സുഹൃത്തുക്കളേ,
എങ്ങനെ ഒരു ബുദ്ധിജീവിയാകാം എന്ന ക്ലാസ്‌ നിങ്ങള്‍ക്ക്‌ പലര്‍ക്കും പ്രയോജനപ്പെട്ട്‌ കാണുമെന്ന് വിശ്വസിക്കുന്നു.
പ്രയോജനം ലഭിച്ചവര്‍ക്ക്‌ ആവശ്യത്തിനു പ്രശസ്തിയും ലഭിച്ചെന്ന് ഞാന്‍ കരുതട്ടെ.
അത്‌ കൊണ്ട്‌ പ്രയോജനം ലഭിക്കാത്തവര്‍ക്ക്‌ എളുപ്പവഴിയില്‍
പ്രശസ്തനാകാനുള്ള/പ്രശസ്തയാകാനുള്ള കുറച്ച്‌ വഴികളാണ്‌
ഈ പ്രാവശ്യത്തെ എന്റെ ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

നിങ്ങള്‍ ബ്ലോഗ്‌ തുടങ്ങി.
പോസ്റ്റുകള്‍ ഇട്ടും തുടങ്ങി.
ഇങ്ങോട്ട്‌ കമന്റ്‌ വരുത്തുന്നതിന്റെ ഭാഗമായിട്ട്‌ അങ്ങോട്ട്‌ ചെന്ന് കമന്റിട്ടും തുടങ്ങി.
എന്നിട്ടും നിങ്ങളുടെ ബ്ലോഗില്‍ ഒരു പൂച്ചക്കാളീം കയറുന്നില്ലേ.
നിങ്ങള്‍ക്ക്‌ നിങ്ങളുടെ ബ്ലോഗ്‌ കത്തിച്ച്‌ കളഞ്ഞിട്ട്‌ അടുത്ത ബസ്‌ പിടിച്ച്‌ കാശിക്ക്‌ പോകാന്‍ തോന്നുന്നുവോ.

വെയിറ്റ്‌,ബ്ലോഗ്‌ കത്തിക്കാന്‍ വരട്ടെ.ഞാന്‍ ഇനി പറയുന്ന കുറച്ച്‌ വിദ്യകള്‍ പരീക്ഷിക്കൂ.


1.നിലവില്‍ കൂടുതല്‍ കമന്റുകള്‍ കിട്ടുന്ന,അതിനി തമാശ ബ്ലോഗായാലും സീരിയസ്‌ ബ്ലോഗായാലും കവിതാ ബ്ലോഗായാലും,
നേരേ അങ്ങോട്ട്‌ കടന്ന് ചെല്ലുക.
അവിടെ ഒരു പടക്കം എറിഞ്ഞേക്കുക.പടക്കം വാങ്ങാന്‍ കടയിലേക്ക്‌ ഓടാന്‍ വരട്ടെ.
ഞാന്‍ ഉദ്ദേശിച്ചത്‌ എന്താണെന്ന് വച്ചാല്‍,
എല്ലാവരും-കൊള്ളാം,നന്നായി,കലക്കി,ഇനിയുമെഴുതുക,ചിരിപ്പിച്ചു എന്നൊക്കെ കമറ്റിടുന്നതിനിടയില്‍ കേറി ഒരു നെഗറ്റീവ്‌ കമന്റ്‌ ഇടുക.
എന്നു വച്ചാല്‍ ഇതാണോ കവിത,വെറുതെ കണ്ണടച്ച്‌ ഇരുട്ടാക്കരുത്‌.

അല്ലെങ്കില്‍ ഇതെന്ത്‌ ഹാസ്യം,കഴുതകരയുന്നതും തെന്നിവീഴുന്നതും ഹാസ്യമായിരുന്ന പണ്ടത്തെ വളിപ്പ്‌ സിനിമകളുടെ പ്രേതങ്ങള്‍ ആണല്ലോ ഈ ബൂലോഗം ഭരിക്കുന്നത്‌.ഇതില്‍ നിന്ന് വായനക്കാരനൊരു മോചനമില്ലേ.

അതുമല്ലേല്‍ കണ്ണീര്‍കഥകള്‍ ബ്ലോഗിലും ഒരു തീരാ ശാപമായി മാറുകയാണല്ലോ.ഇതിലും ഭേദം വല്ല സീരിയലും കാണാം.

മതി.

നിങ്ങള്‍ ശ്രദ്ധിക്കപ്പെട്ട്‌ കഴിഞ്ഞു.
ഒരു വിധപ്പെട്ടവനൊന്നും നിങ്ങള്‍ക്ക്‌ മറുപടി എഴുതില്ല.
മറുപടി എഴുതിയാല്‍ നിങ്ങള്‍ക്ക്‌ തിരിച്ച്‌ ചോദിക്കാം.
എന്താണ്‌ എഴുത്തുകാരാ,നിങ്ങള്‍ക്ക്‌ വിമര്‍ശത്തെ ഭയമാണോ.
സുഖിപ്പികുന്ന കമന്റുകള്‍ മാത്രമേ നിങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്നാണോ.

മതി,അപ്പോള്‍ നമ്മള്‍ ആരായി.
നല്ല ഒന്നാംതരം ചങ്കൂറ്റം ഉള്ളവന്‍.
പുലിമടയില്‍ കയറി വിമര്‍ശിച്ചവന്‍.നിങ്ങള്‍ പിന്നേം ശ്രദ്ധിക്കപ്പെട്ടു.

2.ഇത്‌ സ്ത്രീ ബ്ലോഗേഴ്സിന്‌ മാത്രമുള്ള വിദ്യയാണ്‌.
സ്ത്രീ ബ്ലോഗേഴ്സിന്‌ കമന്റുകള്‍ കുറയാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല.
എന്നാലും നാല്‍പത്‌ വയസ്സ്‌ കഴിഞ്ഞവരാണെങ്കില്‍ അത്‌ പ്രൊഫയിലില്‍ വെളിപ്പെടുത്താതിരിക്കുകയാണ്‌ നല്ലത്‌.
വെറുതേയെന്തിനാ റിസ്ക്‌ എടുക്കുന്നത്‌.

നിങ്ങള്‍ കമന്റുകള്‍ ഇടുമ്പോള്‍ വാക്കുകളിലും വാക്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.
അതായത്‌ ഇല്ല എന്ന വാക്ക്‌ ഇല്ല്യാ എന്നേ ഉപയോഗിക്കാവൂ.
ഉദാ;കിട്ടില്ല്യാ,വരില്ല്യാ,എനിക്കറിയില്ല്യാട്ടോ.
'ട്ടോ' എന്ന ശബ്ദം മിക്ക വരികളിലും കുത്തിക്കേറ്റാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്‌.
അങ്ങനെ 'ട്ടോ' എന്ന ശബ്ദം ഉണ്ടാക്കി കൊണ്ട്‌ തന്നെ, നേരേ പോയി ഒരു ഫെമിനിസ്റ്റ്‌ ആകുക.

അങ്ങനെ വെറുതെയൊന്നും ഫെമിനിസ്റ്റ്‌ ആകാന്‍ പറ്റില്ല.

അതിന്‌ കുറച്ച്‌ പണിയുണ്ട്‌.തയ്യാറാണെങ്കില്‍ മാത്രം നിങ്ങള്‍ ഈ വഴി തിരഞ്ഞെടുക്കുക.
നിങ്ങളെ പ്രശസ്തയാക്കുന്ന കാര്യം ഞാനേറ്റു.

മഹിള,വനിത,സ്ത്രീ ഈ മൂന്ന് വാക്കുകള്‍ ഫില്‍ട്ടറില്‍ ഇടുക.
നിങ്ങള്‍ക്ക്‌ കമന്റ്‌ മെയില്‍ കിട്ടിയാല്‍ ഉടനേ പുറപ്പെടുക.
ഒന്നൊന്നര പുറം കവിയാതെയുള്ള ഒരു കമന്റ്‌ നേരത്തേ റെഡിയാക്കി വച്ചേക്കണം.
അതില്‍ പ്രത്യേകിച്ചൊന്നും വേണ്ട.
കടിച്ചാല്‍ പൊട്ടാത്ത,വീട്ടില്‍ ഉപയോഗിച്ചാല്‍ തെറിയാണെന്ന് വിചാരിച്ച്‌ നിങ്ങളുടെ ഭര്‍ത്താവ്‌ നിങ്ങളുടെ മുതുകത്തിട്ട്‌ ഇടിക്കാന്‍ ചാന്‍സുള്ള ടയിപ്പ്‌ വാക്കുകള്‍ കോര്‍ത്ത്‌ വച്ച ഒരഭ്യാസം.
ഈ കമന്റിന്റെ ഉടമ ഒരു സ്ത്രി ആയത്‌ കൊണ്ട്‌ വലിയ ചോദ്യം ചെയ്യലൊന്നും ഉണ്ടാകില്ല.ഞാന്‍ യോജികുന്നു,അനുകൂലിക്കുന്നു,ആ പറഞ്ഞത്‌ ശരിയാണ്‌ തുടങ്ങിയ കമന്റുകളുടെ ഇടയില്‍ ഒറ്റപ്പെട്ട രീതിയില്‍ ആരെങ്കിലും കേറി കോര്‍ത്താല്‍,ആദ്യമിട്ട കമന്റ്‌ തന്നെ കഠിനമായ പദങ്ങള്‍ തിരിച്ചും മറിച്ചുമിട്ട്‌ ഒന്നുകൂടി താങ്ങിയേക്കുക.
മതി,നിങ്ങള്‍ പ്രശസ്തയായി കഴിഞ്ഞു.

തല്‍ക്കാലം ഇതൊന്ന് പരീക്ഷിച്ച്‌ നോക്കുക.
വിജയിക്കാതിരിക്കില്ല.
വിജയിച്ചില്ലെങ്കില്‍ പുതിയ വഴികളുമായി ഞാന്‍ വീണ്ടും വരുന്നതു വരെ കാത്തിരിക്കുക.

ഹാപ്പി ബ്ലോഗിംഗ്‌

17 comments:

ബുദ്ധിജീവി said...

ദിവസങ്ങള്‍ക്ക്‌ ശേഷം ഞാന്‍ വീണ്ടും വന്നിരിക്കുന്നു.
ഇപ്രാവശ്യം നിങ്ങളുടെ പ്രശസ്തി ഞാന്‍ വര്‍ദ്ധിപ്പിക്കും,തീര്‍ച്ച.

കുറുമാന്‍ said...

ബുദ്ധിജീവി, നിങ്ങള്‍ ബൂലോകത്തില്‍ മുന്‍പേ അവതരിച്ചിരുന്നുവെങ്കില്‍ ഞാനൊക്കെ ഇപ്പോള്‍ ആരായി തീര്‍ന്നേനെ.

എന്തൊക്കെയായാലും കലക്കിയിട്ടുണ്ടിഹപരത്തിലുമെന്നപോലിഹ, പോലെവന്നു വച്ചിഹ, പോയതെങ്കിലുമിഹ, അടിപൊളി സ്വാഹ.......അല്പം സംസ്കൃതവും, വ്യാകരണവും കൂടി വെറുതെ മിക്സ് ചെയ്യ്താല്‍ പിന്നെ ആരും ചോദിക്കാന്‍ വരില്ല. നിങ്ങള്‍ തന്നെ ബൂലോക പ്രശസ്തന്‍.

Dinkan-ഡിങ്കന്‍ said...

ഡിയര്‍ ബുദ്ധി ജീവി. ഇതൊക്കെ നേരത്തേ പറയെണ്ടേ കൊച്ചു കള്ളാ..
ഇനി എന്നെയൊന്നും പിടിച്ചാല്‍ കിട്ടില്ല നോക്കിക്കോ. ചാത്താ , മനൂ, ഉണ്ണിക്കുട്ടാ, സാന്‍ഡോസേ വാടാ ഇങ്ങനേം ബു.ജി. ആകാം. ഇനി നമ്മുടെ ബാച്ചി ക്ലബില്‍ എല്ലാരും ഇങ്ങനെ ആകണം.
ബ്ലോഗസ്യ :
പോസ്റ്റസ്യ :
കമെന്റസ്യ :

sandoz said...

കര്‍ത്താവേ....ദേ പിന്നേം.....
ഇത്‌ ആളേം കൊണ്ട്‌ പോണ ലക്ഷണം ആണല്ലോ....
എന്തായാലും സംഗതി കലക്കി.

Inji Pennu said...

ഇത്തവണ അണ്‍സഹിക്കിബിളി ഭയങ്കര ബോറായിട്ടൊ. ;)

പക്ഷെ എച്ചൂസ് മീ, മഹിളകളെക്കുറിച്ചെന്തോ പറാഞ്ഞൂന്ന് തോന്നണൂട്ടൊ. ഫില്‍റ്റര്‍ വഴി ശ്വസിച്ച് വന്നതാ...പൂച്ചക്കാളീ എന്ന പദത്തിനു പകരം പൂച്ചാക്കാളന്‍ എന്ന് എന്തുകൊണ്ട് ഉപയോഗിച്ചില്ലാട്ടൊ....ചെഛെ...ഉപയോഗിച്ചില്ലാ? ;)

പിന്നെ എന്താണീ ബ്ലോഗിന്റെ പേര് ഹന്നയുടെ ലോകം എന്ന്?(ട്ടൊ) ചുമ്മാ ആളെ വട്ടാക്കാനാണല്ലെ? (ട്ടൊ) :-)

Reshma said...

ഒരു പണിയും ഇല്ലെങ്കില്‍ അപ്പുറത്തെ പറമ്പിലെ കല്ലെല്ലാം പെറുക്കി ഇപ്പുറത്തിട്ടൂടേ?
പോട്ടെ? ട്ടോ:)

സാരംഗി said...

ഇത്രേം വഴികള്‍ ഒറ്റയടിയ്ക്ക് പറഞ്ഞുതന്നതിനു താങ്ക്സ് ട്ടോ.
ഹൗ..അപാരം.

തറവാടി said...

ആളെ അറിയുന്നതിനാല്‍
ഒന്നുമേ പറയുന്നില്ലൈ!! :))

നടക്കട്ടെ നടക്കട്ടെ !!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഇതിപ്പോള്‍ ബഹു. ബുജി സ്വയം വനിതാലോകത്തില്‍ കുപ്രസിദ്ധനാകുന്നതിനു വേണ്ടി ഇട്ട പോസ്റ്റ് പോലിരിക്കുന്നു.

ഓടോ: അടുത്തത് ബാച്ചികള്‍ക്കു വേണ്ടി പ്ലീസ്...

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

:)

ബീരാന്‍ കുട്ടി said...

ചിലര്‍ക്കോക്കെ കൊള്ളുന്നതറിയുന്നു ഞാന്‍...

ഉണ്ണിക്കുട്ടന്‍ said...

ഇതെന്തു പോസ്റ്റ്..? ഇങ്ങനെ ഒക്കെ ചെയ്തു ഫേമസായിട്ടെന്തു കാര്യം ? ലജജാവഹം ലജജാവഹം . ചുമ്മാ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. കഷ്ടം.

(കടുത്ത വിമര്‍ശനം!!! ..ഞാന്‍ ഫേമസായാ....? )

ഹും ...ഒരു കാര്യം വിട്ടു പോയി ഇന്നാ പീടിച്ചോ ..ട്ടോ..ട്ടോ..ടട്ടട്ടോ..ട്ടോ..ട്ടും

സുനീഷ് തോമസ് / SUNISH THOMAS said...

ബുദ്ധിജീവീ,

പൂര്‍വസൂരികള്‍ (കടുപ്പം മതിയോ?) പറഞ്ഞപോലെ ബാച്ചിലേഴ്സിനായി ഒരു പോസ്റ്റിട്. എങ്ങനെ കല്യാണം കഴിച്ചിട്ടും ബാച്ചിയായി തുടരാം തുടങ്ങിയ കാര്യങ്ങള്‍ അതില്‍ വേണം.


ബ്ലോഗസ്യ :
പോസ്റ്റസ്യ :
കമെന്റസ്യ:
ദേവസ്യ:

കുതിരവട്ടന്‍ | kuthiravattan said...

കുത്തുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബുദ്ധിജീവിച്ചേട്ടനോട് രണ്ടു വാക്ക്. കുത്തുകള്‍ക്ക് പച്ച മലയാളത്തില്‍ താങ്ങുകള്‍ എന്നും പറയും. വാക്കുകള്‍ ഒടിഞ്ഞു മടങ്ങി താഴെ വീണു പോകാതിരിക്കാന്‍ കുത്തുകള്‍ അഥവാ താങ്ങുകള്‍ വളരെ അത്യാവശ്യമാണ്. പക്ഷേ ഈ താങ്ങുകളെ ദുരുപയോഗം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.ഒരു താങ്ങ് താങ്ങിക്കഴിഞ്ഞാല്‍ ഒരു ശ്വാസം എടുത്തതിനു ശേഷം മാത്രമേ അടുത്തതു താങ്ങാന്‍ പാടുള്ളൂ. കുത്തോ കോമയോ കഴിഞ്ഞാല്‍ ഒരു അകലം വിട്ടതിനു ശേഷമേ അടുത്ത താങ്ങല്‍ ആവശ്യമുള്ള സാധനം (അതായത് വാചകം) തിരുകാന്‍ പാടുള്ളൂ എന്ന്. ‘.......‘ എന്നതു പോലെ നിറുത്താതെ താങ്ങരുതെന്നും അര്‍ത്ഥം പറയാം‍. താങ്ങാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രം താങ്ങുക എന്നും ആവാം.

താങ്ങല്‍ അഥവാ കുത്തുകള്‍ തന്നെ പല തരമുണ്ടെങ്കിലും ഈ അടുത്തായി താങ്കള്‍ ഉപയോഗിച്ചു കണ്ട ഒരു പ്രത്യേക തരം താങ്ങലാണ് പിന്‍-താങ്ങല്‍. ഇത്തരം താങ്ങലുകള്‍ നടത്തുമ്പോള്‍ --- ചുമന്നാല്‍ ചുമന്നവനെ നാറും എന്ന പഴമൊഴി പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേകിച്ചും ഈ താങ്ങലില്‍ ഒരു ‘പിന്‍’ ഉള്ളതിനാല്‍. താങ്ങുന്നവരെ താങ്ങാ‍തിരിക്കാനും ശ്രദ്ധിക്കണം. താങ്ങുന്നവന്‍ എന്നു പറഞ്ഞാല്‍ താങ്ങാന്‍ അറിയാവുന്നവന്‍ എന്നും അര്‍ത്ഥം പറയാം. അക്ഷരത്തെറ്റുകളും താങ്ങലുകളും നിറയെ തൊങ്ങലുകളായി കണ്ടപ്പോള്‍ ചുമ്മാ ഒന്നു .....(താങ്ങിയിട്ട്) പോകാം എന്നു കരുതി. .... അവസാനം ഇട്ട വാചകത്തില്‍ ആദ്യത്തെ കുത്ത് പൂര്‍ണ്ണവിരാമം എന്ന ഗണത്തിലും അതിനു ശേഷമുള്ള നാലെണ്ണം, താങ്ങല്‍ എന്ന ഗണത്തിലും പെട്ടതാണെന്നു ബുദ്ധിജീവി ഗണത്തില്‍ പെട്ട താങ്കള്‍ക്ക് വെറുമൊരു അശുവായ ഞാന്‍ പറഞ്ഞു തരാതെ മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതുണ്ടാവുകയില്ല എന്നെനിക്കറിയുന്നതിനാല്‍ കൂടുതല്‍ .... (താങ്ങാന്‍) നില്‍ക്കാതെ അടുത്ത ബസ് പിടിച്ച് വീട്ടില്‍ പോകുന്നു.

പാര്‍ശ്വവര്‍ത്തിയോടു .... (കുത്തുകള്‍ അഥവാ താങ്ങലുകള്‍) മാത്രമല്ല, അക്ഷരത്തെറ്റുകളും ശരിയാക്കാന്‍ പ്രത്യേകം പറയുക. പാര്‍ശ്വത്തില്‍ നിന്നു കൊണ്ട് വര്‍ത്തിക്കുന്നവന്റെ പാര്‍ശ്വത്തില്‍ (പള്ളക്കിട്ടു) തന്നെ ..... (കുത്ത് അല്ലെങ്കില്‍ താങ്ങ്) അരുത്. വളരെ മാന്യമായും ... (താങ്ങാന്‍) കഴിയുമെന്ന് മനസ്സിലാക്കുക. . ......(താങ്ങല്‍) നിര്‍ത്തണ്ട, അതൊരു കലയാണ്, മാന്യമായിട്ടു തന്നെ ..... (താങ്ങല്‍) തുടരുക. ഈ സംരംഭത്തിന് എന്റെ എല്ലാ ആശംസകളും. ബുദ്ധിജീവിച്ചേട്ടന് എന്റെ വക ... .... (മൂന്നു കുത്തും നാലു താങ്ങും).

SAJAN | സാജന്‍ said...

ബുദ്ധിജീവി ചേട്ടാ കലക്കി ഈ പോസ്റ്റും..:)
പക്ഷേ ഒരു ചോദ്യം ഉള്ളത് ബുദ്ധി ജീവി ചേട്ടനോടല്ല.. ക്ഷമിക്കുമല്ലോ, അല്ലേ
സുനീഷേ, കമന്റ് കണ്ടിട്ട് ഈ ബുജിയെ താങ്കള്‍ക്ക് പരിചയമുണ്ടെന്ന് തോന്നുന്നല്ലോ..:)

ആഷ | Asha said...

അപ്പോ ഞാന്‍ പ്രശസ്തയായീന്നാണോ ബുദ്ധിജീവി പറഞ്ഞു വരണത്. ഞാന്‍ ഇടയ്ക്ക് ട്ടോ ട്ടോ ഉപയോഗിക്കാറുണ്ടൂട്ടോ. ഇനിയിപ്പോ ല്ല്യാ കൂടി തുടങ്ങണോല്ല്യോ അപ്പോള്‍ പ്രശസ്തി ഡബിളാവൂല്യേ
നന്ദീട്ടോ ഈ ടിപ്പ്സ് പറഞ്ഞു തന്നൂല്ല്യോ അതിനാട്ടോ

Siju | സിജു said...

ബുദ്ധിജീവി തിരിച്ചെത്തിയോ..
ഇടക്കിടക്ക് ഇങ്ങിനെ മുങ്ങുന്നത് പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമോ ബുജീ..