Thursday, April 26, 2007

എങ്ങനെ ബുദ്ധിജീവിയാകാം.

ബൂലോഗത്തില്‍ എങ്ങനെ ബുദ്ധിജീവിയാവാം.

ചോദ്യത്തില്‍ എന്തെങ്കിലും കുനുഷ്ട്‌ തോന്നുന്നുണ്ടോ.
എങ്കില്‍ ഈ ചോദ്യം ഒന്ന് പരിഷ്കരിക്കാം.

ബൂലോഗത്തില്‍ എങ്ങനെ ബുദ്ധിജീവി ചമയാം.
ഇപ്പോള്‍ ക്ലീയര്‍ ആയില്ലേ.
നിങ്ങള്‍ക്കും ബൂലോഗത്തിലെ ഒരു ബുദ്ധിജിവിയാകാം.
അതിനുള്ള കുറച്ച്‌ വഴികള്‍ ഞാന്‍ താഴെ വിവരിക്കാം.

ബുദ്ധിജീവി ചമയാന്‍ ജീവികള്‍ക്ക്‌ ബുദ്ധിവേണമെന്നില്ല.
വളരെ നിഷ്‌ പ്രയാസം സാധിക്കാവുന്ന ഒരു സംഗതിയാണത്‌.

ബുദ്ധിജീവി ചമയുന്നതിന്റെ ആദ്യപടി എന്താണെന്ന് വച്ചാല്‍,കുറച്ച്‌ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുക.
വെറുതെ വാങ്ങിക്കൂട്ടിയാല്‍ മാത്രം മതി,ബുദ്ധിമുട്ടി വായിക്കണമെന്ന് നിര്‍ബന്ധമില്ല.
വേദങ്ങള്‍,ക്ലാസ്സിക്കുകള്‍ മുതല്‍ ഉത്തരാധുനിക സാഹിത്യകൃതികള്‍ വരെ ശേഖരത്തില്‍ ഉള്‍പ്പെടുത്തുക.

അതു കഴിഞ്ഞാല്‍ സ്വന്തമായി ഒരു ബ്ലോഗ്‌ നിര്‍മ്മിക്കുക.
ശേഷം ഒരു ഇടിവെട്ട്‌ പേരിടുക.
യവനം,ഭുവനം,കവനം,ചര്‍വ്വണം,പര്‍വ്വണം,കര്‍വ്വണം,ആന്തരികം,പാന്തരികം,കൂന്തരികം തുടങ്ങിയ രീതിയിലുള്ള കഞ്ചാവ്‌ പേരുകള്‍ ബ്ലോഗിനായി കണ്ടെത്തുക.
ഇനി നിങ്ങളും ഒരു നാമം കണ്ടെത്തണം.
ചരിത്രപുരുഷന്മാര്‍,പുരാണകഥാപാത്രങ്ങള്‍,ക്ലാസിക്കുകളിലെ നായകന്മാര്‍ തുടങ്ങിയവരുടെ പേരുകള്‍ ഒന്ന് പരിഷ്കരിച്ച്‌ ഒരു നെഞ്ച്‌ കലക്കി പേര്‍ ആക്കി മാറ്റി സ്വീകരിക്കുക.
ഉദാ-രാവണന്‍ എന്ന പേരില്‍ രാവണേട്ടന്‍,രാവണാത്മജന്‍,രാമരാവണന്‍,രവണന്‍,രാവണാസ്യന്‍ തുടങ്ങിയ രീതിയിലുള്ള പരിഷ്കാരങ്ങള്‍ നടത്തുക.

തുടര്‍ന്ന് ബ്ലോഗില്‍ ഒരു ഇന്‍ ട്രൊഡക്ഷന്‍ പോസ്റ്റ്‌ അവതരിപ്പിക്കുക.
അതില്‍ വേദങ്ങളില്‍ നിന്നുള്ള ഏതെങ്കിലും 2 വരി തീര്‍ച്ചയായും ഉപയോഗിച്ചിരിക്കണം.ഉദാ-'തമസോമാ ജ്യോതിര്‍ഗമയ','യഥാരാജാ തഥാ പ്രജാ','കാള പെറ്റു കയറെടുത്തു'.

പിന്നെ അവിടെ പോസ്റ്റുകളൊന്നും ഇട്ടേക്കരുത്‌.
നിര്‍ബന്ധമാണെങ്കില്‍ വല്ല വിഷുവിനോ ഓണത്തിനോ വല്ല ആശംസാപോസ്റ്റുകളും താങ്ങുക.
പിന്നെ വല്ല പ്രശസ്ത വ്യക്തികളും കാലം ചെയ്യുകയാണെങ്കില്‍ ഒരു അനുശോചന പോസ്റ്റും തട്ടിയേക്കുക.
ആ പോസ്റ്റിലെ വാചകങ്ങള്‍ നേരത്തേ കരുതി വച്ചിരിക്കുന്ന കൃതികളില്‍ നിന്നോ,തീര്‍ന്ന് പോയ മനുഷ്യന്‍ പുസ്തകം എഴുതുക തുടങ്ങിയ സാഹസങ്ങള്‍ ചെയ്തിട്ടുള്ള ആള്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ കൃതിയില്‍ നിന്നോ ആയിരിക്കണം.
രാവിലേ പത്രം വായിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ മരിച്ചയാളിന്റെ ഏകദേശ ചരിത്രം കിട്ടുകയും,അതിനനുസരിച്ച്‌ പോസ്റ്റുകളിലെ വാചകങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യാം.
വ്യക്തികള്‍ സാഹിത്യകലാ രംഗങ്ങളില്‍ ഉയര്‍ന്ന രംഗത്ത്‌ വിഹരിച്ചിട്ടുള്ളവരും,പൈങ്കിളി,കച്ചവട സിനിമ തുടങ്ങിയ നാണക്കേട്‌ ശാഖകളില്‍ അല്‍പം പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്തവരും ആകേണ്ടതാകുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഈ രീതിയിലുള്ള സ്വന്തം പോസ്റ്റുകള്‍ കഴിഞ്ഞാല്‍ പിന്നെ, ബൂലോഗത്ത്‌ ഒരു ബുദ്ധിജീവിക്ക്‌ ചെയ്യാനുള്ളത്‌,അല്ലെങ്കില്‍ ഒരു ബുദ്ധിജീവി ഇവിടെ ജിവിക്കുന്നു എന്ന് നാട്ടുകാര്‍ അറിയാനുള്ള മാര്‍ഗ്ഗം തുടരെ തുടരെ കമന്റുകള്‍ ഉല്‍പ്പാദിപ്പിക്കുക എന്ന പ്രക്രിയയില്‍ കൂടിയാകുന്നു.
കമന്റുകള്‍ നിര്‍വഹിക്കേണ്ടവിധം എങ്ങനെയാണെന്ന് വച്ചാല്‍,ആദ്യമായി, നിലവില്‍ ബൂലോഗത്തുള്ള കൂടിയ സൈസ്‌ ബുദ്ധിജീവികളുടെ ലിസ്റ്റ്‌ എടുക്കുക.അവരുടെ പോസ്റ്റുകള്‍ കണ്ടെത്തുക.അത്‌ എങ്ങനെയാണെന്ന് വച്ചാല്‍,പോസ്റ്റുകള്‍ എല്ലാം വായിക്കുന്നതിനിടയില്‍,വായിച്ചിട്ട്‌ ഇത്‌ മലയാളം തന്നെയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രചനകള്‍ വല്ലതും തടയുകയാണെങ്കില്‍ തീര്‍ച്ചയാക്കുക,അത്‌ ഒരു ബുദ്ധിജീവി രചനയാകുന്നു.ആദ്യ കമന്റ്‌ അവിടെ തന്നെ ആയിക്കോട്ടെ.പുസ്തകശേഖരത്തില്‍ നിന്ന് ഒരു കടുകട്ടി ഇനം തപ്പിയെടുക്കുക.ദൈവവിശാസിയാണെങ്കില്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ടും,ഇനി ദൈവ വിശാസിയല്ലായെങ്കില്‍ വെള്ളാപ്പള്ളിയെ ധ്യാനിച്ച്‌ കൊണ്ടും പുസ്തകത്തിന്റെ ഏതെങ്കിലും ഒരു പേജ്‌ തുറക്കുക.കണ്ണില്‍പ്പെടുന്ന ആദ്യ നാലുവാചകങ്ങള്‍ കമന്റ്‌ രൂപത്തില്‍ ആ പോസ്റ്റില്‍ ഇട്ടേക്കുക.കഴിഞ്ഞു,ഇനി ആ പ്രദേശത്തേക്ക്‌ പോകരുത്‌.പോസ്റ്റിട്ടവന്‍ ഏതായാലും ആ കമന്റിനെ ചോദ്യം ചെയ്യാന്‍ സാധ്യതയില്ലാ.കാരണം സ്വന്തം കൃതിയില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ ആനയാണൊ കുതിരയാണോ എന്ന് അയാള്‍ക്ക്‌ തന്നെ വലിയ നിശ്ചയം ഉണ്ടാകില്ല.ഇനി വേറെ വായനക്കാര്‍ ആരെങ്കിലും ചോദ്യം ചെയ്യുകയാണെങ്കില്‍ മറ്റൊരു കടുകട്ടി കൃതി തുറക്കുക,നാലുവാചകം പിന്നേയും പ്രയോഗിക്കുക.അതിനേയും ചോദ്യം ചെയ്യുകയാണെങ്കില്‍,ഇനി ഈ പോസ്റ്റില്‍ ഒരു തര്‍ക്കത്തിലേര്‍പ്പെടാന്‍ ഞാന്‍ ഇല്ലെന്നും നമുക്ക്‌ ചാറ്റ്‌ വഴിയോ മെയില്‍ വഴിയോ അങ്കം വെട്ടാം എന്ന് പറഞ്ഞ്‌ മെയില്‍ അഡ്രസ്‌ അവിടെ ഉപേക്ഷിക്കുക.എതിരാളി ചാറ്റാന്‍ വന്നാല്‍,അവിടെ വച്ച്‌, അവന്റെ കാലിലേക്ക്‌ വീഴുക.എതിരാളി, മേലില്‍ ഏതെങ്കിലും തര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ പിന്തുണയും വാഗ്ദാനം ചെയ്യുക.

ഒരു കാരണവശാലും ഹാസ്യകൃതികളില്‍ ആദ്യമേ കേറി കമന്റിടരുത്‌ എന്നുള്ളതായിരിക്കണം ഒരു ബുദ്ധിജീവിയായിരിക്കാന്‍ വേണ്ട അടുത്ത സ്റ്റെപ്പ്‌.കൂമ്പാരം പോലെ കമന്റുകള്‍ കണ്ടാലും ആ പ്രദേശത്തേക്ക്‌ മൈയിന്‍ഡ്‌ ചെയ്യരുത്‌.ബുദ്ധിജീവി ഗണത്തില്‍ പെട്ട വേറെ ആരെങ്കിലും അവിടെ കമന്റിടുന്നുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയും വേണം.അങ്ങനെയുള്ള കമന്റുകളുടെ എണ്ണം,അഞ്ച്‌ എന്ന അക്കം കടന്നാല്‍ നമ്മളും ഇടപെടുക.ഇവിടെ അയ്യപ്പപണിക്കര്‍,അയ്യപ്പന്‍,ചുള്ളിക്കാട്‌,കടമ്മനിട്ട,സച്ചിതാനന്ദന്‍ തുടങ്ങിയ കവികളുടെ കൃതിയില്‍ നിന്നുമുള്ള വരികള്‍ കമന്റായി ഉപയോഗിക്കണം.ഹാസ്യകൃതിയില്‍ കടമ്മനിട്ടക്ക്‌ എന്ത്‌ കാര്യം എന്ന് ചിന്തിച്ച്‌ തലപുകക്കുകയൊന്നും വേണ്ട.
വച്ച്‌ കീറുക,ഡോണ്ട്‌ വറി.
ഇതൊക്കെ തന്നെ ബുദ്ധിജീവി.

അടുത്ത സ്റ്റെപ്പ്‌, പഠനം അകുന്നു.മറ്റുള്ളവരുടെ കൃതികളെക്കുറിച്ചുള്ള പഠനം.പഠനത്തിനായി സ്ത്രീ ബ്ലോഗറുമ്മാരുടെ കൃതികള്‍ കൂടുതലായി ഉപയോഗിക്കുന്ന പ്രവണത ബൂലോഗത്ത്‌ കണ്ട്‌ വരുന്നതിനാല്‍ നിങ്ങളും ആ വഴി തന്നെ പിന്തുടരുക.ഉപമ,ഉപയുടെ പുറത്ത്‌ ഉപമ,വന്‍ കൃതികള്‍ മേശപ്പുറത്ത്‌ വിതറിയിട്ടുകൊണ്ടുള്ള ഉപമ,ഇതൊക്കെ പരീക്ഷിക്കാം.വേണമെങ്കില്‍ ഒരു പഠനപോസ്റ്റ്‌ പോലും പുറത്തിറക്കാന്‍ നിങ്ങള്‍ തയ്യാറാകണം.അവസാനം ആ പെങ്കൊച്ച്‌ സഹികെട്ട്‌ നിങ്ങളുടെ തന്തക്ക്‌ വിളിക്കുന്നത്‌ വരെ പഠനം തുടരുക.

ഒരു കാരണവശാലും പുതുമുഖങ്ങള്‍ക്ക്‌ സ്വാഗതം പറയുകയോ,അവരുടെ ആദ്യകാല കൃതികളില്‍ കമന്റ്‌ പറയുകയോ ചെയ്യരുത്‌.ഇനി പുതുമുഖം ഒരു പുലിയാണെങ്കില്‍,അതായത്‌ മറ്റുള്ള രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം സൈബര്‍ രംഗത്തേക്ക്‌ ആദ്യമായി കടന്ന് വരുന്ന വ്യക്തിയാണെങ്കില്‍ ആദ്യ സ്വാഗതം നമ്മുടെ തന്നെ ആയിരിക്കണം.അദ്ദേഹം കടന്ന് വന്നത്‌ നമ്മള്‍ അദ്യം അറിഞ്ഞില്ലാ എങ്കില്‍,പത്ത്‌ മുപ്പത്‌ സ്വാഗതകമന്റുകള്‍ക്ക്‌ ശേഷം മാത്രമുള്ള നമ്മുടെ സ്വാഗതകമന്റ്‌ ബഹളത്തില്‍ മുങ്ങി പോകും.അങ്ങനെ മുങ്ങാതിരിക്കാന്‍ ചെയ്യേണ്ടത്‌ എന്താണെന്ന് വച്ചാല്‍ അവിടെ രംഗത്തിറക്കേണ്ടത്‌ എതിര്‍പ്പിനെയാകുന്നു.പ്രമുഖന്റെ ആദ്യകാല പ്രവൃത്തികളില്‍ നിന്നുള്ള നെഗറ്റീവ്‌ സംഭവങ്ങളെ പര്‍വതീകരിച്ച്‌ കമന്റുകളുടെ രൂപത്തിലാക്കുകയും,വീട്ടില്‍ പോടാ എന്ന് ആക്രോശിക്കുകയും ചെയ്യുക.

വിവാദങ്ങളില്‍ തീര്‍ച്ചയായും ഇടപെടണം. തന്റെ വാദങ്ങള്‍ വ്യക്തമായ രീതിയില്‍ തന്നെ അവതരിപ്പികുകയും വേണം.അതായത്‌ പോസ്റ്റിട്ടവനോ,വായിക്കുന്നവനോ,വാദിക്കുന്ന തനിക്ക്‌ തന്നെയോ ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത രീതിയിലായിരിക്കണം കമന്റുകള്‍ ഇടേണ്ടത്‌.ചര്‍ച്ചകളില്‍ രണ്ടോ,അതില്‍ കൂടുതലോ പക്ഷങ്ങള്‍ ഉണ്ടാകാം.ഒരു പക്ഷത്തിനും നമ്മള്‍ ഏത്‌ ഭാഗത്താണെന്ന് മനസ്സിലാകാത്ത രീതിയില്‍ വേണം ഇടപെടാന്‍.അതായത്‌ ചര്‍ച്ച ഇറാഖിനെക്കുറിച്ചാണെങ്കില്‍ നമ്മള്‍ ശ്രീലങ്കയെക്കുറിച്ച്‌ പറയുക.അപ്പോള്‍ ചര്‍ച്ച തിരിഞ്ഞ്‌ വളഞ്ഞ്‌ ലങ്കയിലേക്ക്‌ എത്തുകയാണെങ്കില്‍ നമ്മള്‍ ബാള്‍ട്ടിമോറിലെ കാപ്പിക്കുരുവിനെക്കുറിച്ച്‌ പറയുക.അവസാനം സഹികെട്ട്‌ ആ ബ്ലോഗിന്റെ ഉടമ ആ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യുന്നതുവരെ ചര്‍ച്ച തുടരുക.

ഏത്‌ പോസ്റ്റിലാണെങ്കിലും കമന്റുകള്‍ ഒന്നരപ്പുറത്തില്‍ കവിഞ്ഞിരിക്കണം.പിന്മൊഴി നിറയണം.അതായത്‌ ജനം മുഴുവന്‍ വായിക്കരുത്‌.സഹികെട്ട്‌,ഇവനൊരു ബുദ്ധിജിവി പിശാച്‌ ആണെന്ന് തോന്നുന്നു,വലിയ ശല്യമായല്ലോ എന്ന് പറയിപ്പിക്കണം.അങ്ങനെ പറയിപ്പിക്കാന്‍ കഴിയുന്നതുവരെ ശ്രമിക്കുക.
ഈ മാതിരി അഭ്യാസങ്ങള്‍ കൊണ്ട്‌ ഒരു ചെറിയ ബുദ്ധിജീവി ഇമേജ്‌ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.ഇനി ഇതൊക്കെ പരീക്ഷിച്ച്‌ പരാജയപ്പെട്ടാല്‍,വിഷമിക്കാതിരിക്കുക,എന്റെ അടുത്ത പോസ്റ്റില്‍ ഈ രീതികള്‍ പരാജയപ്പെടാനുള്ള സാധ്യതകള്‍,മറികടക്കാനുള്ള വഴികള്‍ ഇവയൊക്കെ വളരെ വിശദമായി പ്രതിപാദിക്കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാത്തിരിക്കുക.വിജയം നിങ്ങളുടേതാകുന്നു.


[ചില വെടക്ക്‌ പിള്ളേരുണ്ട്‌,ഈ ബൂലോഗത്ത്‌.ആ പ്രദേശത്തെങ്ങും ഈ അഭ്യാസവും കൊണ്ട്‌ ചെല്ലരുത്‌.അതുങ്ങള്‍ ഒടിച്ച്‌ മടക്കി പെട്ടീലാക്കി വീട്ടിലേക്ക്‌ കൊറിയര്‍ ചെയ്യും]

35 comments:

ബുദ്ധിജീവി said...

നിങ്ങള്‍ക്കും ബുദ്ധിജീവിയാകാം.
വരൂ,കടന്ന് വരൂ.

വല്യമ്മായി said...

:)

രാജു ഇരിങ്ങല്‍ said...

അപ്പോ താനാളൊരു ബുജി തന്നെ കെട്ടാ...
കറസ്പോണ്ടന്‍സായി ഒരു നീന്തല്‍ പരിശീലനം കൂടി നടത്തിയാല്‍ സംഗതി കേമം.

ഏറനാടന്‍ said...

ബുജിയേ സ്വാഹ-തം!

അപ്പോള്‍ പരിശീലനപരിപാടിയാല്ലേ? ഞാനും ഒരു ബുജിയാവാന്‍ നോക്കട്ടെ. (പതിനെട്ടടവും ബുജിയാശാന്‍ പറഞ്ഞില്ലെന്നറിയാം. ഒരടവ്‌ കൂടി താ)

അടുത്ത ക്ലാസ്സ്‌ ഉള്ളപ്പോ പറയണം. നന്ദി.

Sul | സുല്‍ said...

“ഏത്‌ പോസ്റ്റിലാണെങ്കിലും കമന്റുകള്‍ ഒന്നരപ്പുറത്തില്‍ കവിഞ്ഞിരിക്കണം.പിന്മൊഴി നിറയണം.അതായത്‌ ജനം മുഴുവന്‍ വായിക്കരുത്‌.സഹികെട്ട്‌,ഇവനൊരു ബുദ്ധിജിവി പിശാച്‌ ആണെന്ന് തോന്നുന്നു,വലിയ ശല്യമായല്ലോ എന്ന് പറയിപ്പിക്കണം.“

ഇതു ആരെയെങ്കിലും മനസ്സില്‍ കണ്ടു പറഞ്ഞതാണോ? എന്തായാലും കലക്കി. ബൂലോകം കലക്കി.
-സുല്‍

സുനീഷ് said...

ബുജി കലക്കി.
സത്യം തുറന്നെഴുതുക.
തുടരുക.
അഭിവാദ്യങ്ങള്‍

വേണു venu said...

ഇങ്ങനെ ഒക്കെ ബുജികളെ സൃഷ്ടിക്കാം. നിങ്ങള്‍ക്കു് തോളിലൊരു മാറാപ്പു് സഞ്ചിയും ,പിന്നെ ഒരു കൊച്ചു ഊശ്ശാന്‍‍ താടിയും വേണമെങ്കില്‍‍ ഒരു കൊച്ചു കന്)ജാ പുകയും,.പിന്നെ മനസ്സിലാക്കാന്‍‍ ആര്‍ക്കും പറ്റാതെ പോയ രണ്ടു പുസ്തകങ്ങളും......
ഇതൊക്കെ പണ്ടത്തെ ഒരു ബാലെ ദൃശ്യം മാത്രം.
ബൂലൊകത്തു് ഇതു പോലെ വരുന്നവന്‍റെ കഥ അന്നു കഴിയും. ബൂലോകം എത്രയോ വളര്‍ന്നിരിക്കുന്നു.!!!!
ഇതൊക്കെ നമ്മടെ നിയമസഭയില്‍‍ ചോദ്യോത്തര വേളയില്‍ ഇപ്പോഴും പ്രയോജനമാ....ആളുകളെ വിഢിയാക്കാലാണല്ലൊ അവിടെ.:)
പിന്നെ കൊഞ്ഞനം കുത്തുവാന്‍ ഇതു മതി.:)

Sandeep said...

ഞാനും കമന്റും.... എനിയ്ക്കും ബുദ്ധിജീവിയാകണം... :)
താങ്കള്‍ ശരിയ്ക്കും ഒരു പ്രസ്ഥാനം ആണ്.... ഇത്രെം മതിയോ...

തറവാടി said...

:)

Siju | സിജു said...

ബുദ്ധിജീവിയാകുനുള്ള ട്രെയിനിംഗ് കലക്കി.
ഇത്രയും ഡീറ്റെയില്‍ ആയി കാര്യങ്ങള്‍ അറിയാമെങ്കില്‍ പുതിയ ബ്ലോഗ്ഗര്‍ ആകില്ലല്ലോ.. ഇവിടെ തന്നെയുള്ള ആരോ അങ്ങ് ബുജിയാ‍യതല്ലേ..

Dinkan-ഡിങ്കന്‍ said...

ഡേയ് ബു.ജി (ബുദ്ധിമുട്ടി ജീവിക്കുന്നവനേ),

ആ വെടക്ക് പിള്ളേരുടെ കൂട്ടത്തില്‍ ഡിങ്കനുണ്ടാ?

പിന്നോരൊകാര്യം പോസ്റ്റ് തരക്കേടില്ല്യ

ഇപ്പോ പണ്ടത്തെ പോലെ “മുഷിഞ്ഞ ഖദര്‍ജുബ്ബ, പല്ലുതേക്കായ്മ, കാഫ്കെ-കാമ്യു-കസെന്‍സാക്കിസ് വര്‍ത്താനം” ഒന്നും വേണ്ടല്ലെ.
ഡിങ്കനും ഒന്നു നോക്കെട്ടെ ബു.ജി (ബൂലോഗ ജീനിയസ്) ആകാന്‍

ദില്‍ബാസുരന്‍ said...

ഹ ഹ ഹ....
കിടിലന്‍ പോസ്റ്റ്. ഞാന്‍ ഒന്ന് ശ്രമിച്ച് നോക്കട്ടെ ബുദ്ധിജീവിയാവാന്‍.. :>>

[ചില വെടക്ക്‌ പിള്ളേരുണ്ട്‌,ഈ ബൂലോഗത്ത്‌.ആ പ്രദേശത്തെങ്ങും ഈ അഭ്യാസവും കൊണ്ട്‌ ചെല്ലരുത്‌.അതുങ്ങള്‍ ഒടിച്ച്‌ മടക്കി പെട്ടീലാക്കി വീട്ടിലേക്ക്‌ കൊറിയര്‍ ചെയ്യും]

ഇത് നമ്മളെ (baachees) ഉദ്ദേശിച്ചാണല്ലേ? ഹ ഹ ഹ.. ഓകെ നടക്കട്ടെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ബുദ്ധിജീവി ന്നു വച്ചാല്‍ ബുദ്ധിയില്ലാത്ത ജീവീന്നും അര്‍ത്ഥമുണ്ടാ!!!!

ഓടോ: ബുദ്ധിജീവി ഫാഗം നമ്പ്ര് ഒന്നും രണ്ടുമായി എഴുതിക്കൂട്ടിയ നീയോ ദില്‍ബാ !!!!!
പിന്നേം സ്കൂളില്‍ ചേരാന്‍ പോണെന്നോ???

അപ്പോള്‍ ദേവേട്ടന്‍ അന്ന് പറഞ്ഞ അന്വേഷണം നമുക്കിവിടെ അവസാനിപ്പിച്ചാലോ

ബാച്ചീസ് == വെടക്ക് പിള്ളേര്‍..

ഉണ്ണിക്കുട്ടന്‍ said...

ആണോ ദില്‍ ബാ.. ബാച്ചികളെ കളിയാക്കിയോ...?
അപ്പൊ ഇനി ഈ ബുജിയെ വെറുതെ വിടാന്‍ പറ്റില്ലല്ലോ (ചെക്കന്‍ പെശകാ).
ആഹ നീ നോക്കിക്കോ ഞാന്‍ ദെ ദിപ്പ വരാം ..വരാന്ന്..

മോനെ ബുജീ താന്‍ അങ്ങനെ പൊട്ടിമുളച്ചതല്ല..
ആ പിടിച്ചോളാം ... പോസ്റ്റ് കലക്കി കേട്ടോ..

SAJAN | സാജന്‍ said...

അല്ലയോ.. ബുദ്ധി ജീവി, ഇത്രയും കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ അറിയാരുന്നെങ്കില്‍ ആദ്യത്തെ തവണ പത്താം ക്ലാസ് ജയിച്ചേനേ .. എതായാലും ഞാനിതൊന്നു പരീക്ഷിച്ചു നോക്കട്ടെ.. അപ്പൊ താമസിയാതെ സോക്രട്ടീസ് എന്ന പേരിലോ.. അരിസ്റ്റോട്ടില്‍ എന്ന പേരിലോ ഒരു ബ്ലോഗ് പ്രതീക്ഷിക്കാം.. വേദങ്ങളിലെ പേരു കളൊക്കെ ഒത്തിരി ആയിപോയില്ലേ അതു കൊണ്ടാ ഒരു ചേഞ്ച്.. :)

ദേവന്‍ said...

ഇത്രേം പാഠം വച്ച് ഇറക്കി വിട്ടാല്‍ പഴേ കോഫീ ഹൌസ് ബുദ്ധിജീവിയേ ആകത്തൊള്ളൂ ബുജിയണ്ണാ. ബൂലോഗത്ത് മാങ്ങ എന്നെഴുതെണേല്‍ മാങ്ങാണ്ടി മുളയ്ക്കുന്നതെങ്ങനെ എന്നതുമുതല്‍ ഇന്ന് കൊച്ചീല്‍ മല്‍ ഗോവക്ക് എന്താ വില എന്നു വരെ അറിഞ്ഞിരിക്കണം, ഇല്ലേല്‍ പിള്ളേരു വലിച്ചു കീറി പാളസ്സാടുത്തുകളയും, പത്തായിരത്തില്‍ ചില്വാനം ആളുകളുടെ മുന്നിലല്ലേ പറയുന്നത്. ചില്ലറ ബൂലോഗ സമ്മര്‍ദ്ദമല്ല.

അഞ്ചാറു അഡ്വാന്‍സ്ഡ് ലെസ്സണ്‍ പഠിപ്പിച്ചു താ, ഇത്രേം സ്കില്ലുമായി ഇറക്കി വിട്ട് ഞങ്ങളെ കൊലയ്ക്കു കൊടുക്കാതെ.

ബാച്ചികളാരോ വിളിച്ചല്ലോ, വെടക്കു പിള്ളേരോ അയ്യേ അതിലും ഭേദം ബാച്ചി തന്നെയാ.

ദേവന്‍ said...

അല്ല പൂര്‍വ്വാശ്രമത്തിലേക്കു നീളുന്ന ചിലത് ഇവിടെ ബാക്കിയുണ്ടല്ലോ, അതൂടങു കളയണേ, പിള്ളേരാളു പുലികളാ വട്ടം പിടിച്ചുകളയും.

കുട്ടിച്ചാത്തന്‍ said...

ദേവേട്ടാ പൂര്‍വ്വാശ്രമം കണ്ടുപിടിച്ചതാ. പിന്നെ ബാച്ചിദയ ബാച്ചിദയ എന്നൊരു സാധനോണ്ട്. നോണ്‍ബാച്ചികളോട് മാത്രം കാണിക്കുന്നത് അതോണ്ട് വെറുതേ വിട്ടു..

അപ്പു said...

"വായിച്ചിട്ട്‌ ഇത്‌ മലയാളം തന്നെയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രചനകള്‍ വല്ലതും തടയുകയാണെങ്കില്‍ തീര്‍ച്ചയാക്കുക,അത്‌ ഒരു ബുദ്ധിജീവി രചനയാകുന്നു...." athu kalakki..

Manu said...

തകര്‍ത്തു... ഗദ്യം ഗ്രാമര്‍ തെറ്റിച്ചെഴുതി വരി വാ‍ക്കിനിടയില്‍ മുറിച്ച് കവിതയാക്കുന്ന ഒരു പരിപാടി ലിസ്റ്റില്‍ കണ്ടില്ല.

കൂടുതല്‍ ഡീറ്റെയ്ല്സിനായി കാത്തിരിക്കുന്നു.

ഗന്ധര്‍വ്വന്‍ said...

അന്യം വന്നുപോയ ഒരു സാധനല്ലേ അത്‌ :-ബുദ്ധി ജീവി.
ഇപ്പോള്‍ ഇതൊര്‌ അറ്റയറിനെക്കുറിക്കുന്ന ശാനം.
ലൂസ്‌ പാന്റ്‌,ഊശാം താടി, കാവി ജുബ്ബ കണ്ണട.

മൊട്ടത്തലയും കണ്ണടയുമായാല്‍ ഗാന്ധിയാകുന്നത്‌ പോലെ.

പിന്നെ മിനക്കെട്ടിതൊക്കെ പഠിച്ച്‌ ബുജിയായാല്‍ അരിയെവിടെ കിട്ടും.

ബ്രോഷറയക്കണെ- കുറേയൊക്കെ ഒപ്പിക്കാവുന്നതുകൊണ്ട്‌ ബാക്കികൂടി അങ്ങട്‌ ഫിറ്റാക്കാന.

ബൂലോഗത്ത്‌ ബുജിയാകുന്നതിനേക്കാള്‍ നല്ലത്‌ വര്‍മഗ്രൂപ്പില്‍ ചേരുന്നതല്ലെ.

നോ ഉത്തരവാദംസ്‌.

എന്തായാലും ബുദ്ധിജീവിയുടെ പോസ്റ്റില്‍ മണ്ട ശരിയായി പുകഞ്ഞ്‌ പുക വരുന്നു.

കൊള്ളാം

Peelikkutty!!!!! said...

ബുജി(ബുദ്ധിജീവി) സ്ത്രീലിം‌ഗാണൊ അതൊ പുല്ലിം‌ഗാണൊ;)

ഗന്ധര്‍വ്വന്‍ said...

പീലിക്കുട്ടി-
സിമ്പിള്‍
ബുല്ലിങ്ങം

Pramod.KM said...

ലിംഗമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നല്ലേ പണ്ടാരോ പറഞ്ഞിട്ടുള്ളത്!;)

വിശാല മനസ്കന്‍ said...

രസിച്ച് വായിച്ചുട്ടാ മച്ചൂ. തകര്‍പ്പന്‍ പോസ്റ്റ്.

ഞാനടുത്തിടെ ഒരു പ്രശസ്തനായ സാഹിത്യകാരനോട് ചോദിച്ചു.

‘മാഷേ.. നിങ്ങള്‍ എപ്പോഴും എഴുതുന്നത് വെറും സാധാരണക്കാരെപ്പറ്റിയും അവന്റെ ജീവിതത്തെ പറ്റിയുമാണ്. പക്ഷെ, അണ്‍ഫോര്‍ച്ചുനേറ്റിലി അക്കൂട്ടത്തിലെ 5 ശതമാനത്തിന് പോലും അത് വായിച്ചാല്‍ മനസ്സിലാകില്ല. അതൊരൊ വല്ലാത്ത കഷ്ടമല്ലേ? എന്നെപ്പറ്റി എഴുതിയത് എനിക്ക് വായിച്ചാല്‍ മനസ്സിലാകായ്മ. പിന്നെ ആര്‍ക്ക് മനസ്സിലാവാനാണ് നിങ്ങള്‍ എഴുതുന്നത്? എന്ന്‘

അതിന് മറുപടി അദ്ദേഹം പറഞ്ഞത് ‘ആറ്റമിക് എനര്‍ജ്ജിയെപ്പറ്റി എനിക്കറിഞ്ഞുകൂടാത്തത് ആറ്റമിക് എനര്‍ജിയുടെ തെറ്റല്ലല്ലോ?’ എന്നാണ്.

ചോദ്യം ചിരിച്ചുകൊണ്ട് ചോദിച്ചതുകൊണ്ട് മറുപടി കേട്ടപ്പോളും ഞാന്‍ ചിരിച്ചു. സംസാരവും നിര്‍ത്തി!

Inji Pennu said...

വിശാലേട്ടാ, സാധാരണക്കാര്‍ക്ക് അവരുടെ തന്നെ കഥ വായിക്കണതെന്തിനാന്നെ? അവര‍ത് ജീവിക്കുകയല്ലെ?അവര്‍ക്കെവിടെ നേരം?
പിന്നെ അതൊക്കെ കണ്ടാസ്വദിക്കാന്‍ അല്ല്ലെങ്കില്‍ സഹതിപിക്കാന്‍ പറ്റാത്തോര്‍ക്ക് വേണ്ടിയല്ലെ ബുദ്ധിജീവി “കഥ” ചമയ്ക്കുന്നത്?....

ബുദ്ധിജീവി ഡോക്ടറെ, എനിക്ക് വേറൊരു കാര്യം പഠിപ്പിച്ച് തരണം. ബ്ലോഗ് തുടങ്ങിയപ്പൊ ഇതൊന്നും ഓര്‍ത്തില്ല. ചുമ്മാ ചീളു പേരും തുരുതുരാന്ന് അക്ഷരതെറ്റ് പൊസ്റ്റുകള്‍ കൊണ്ട് നിറച്ച്....കമന്റില്‍ ഒക്കെ കൊറെ കികികി എന്ന് ചിരിച്ച് ആ ഇമേജും നശിപ്പിച്ച്. തമാശ പോസ്റ്റാണ് ആദ്യം വായിച്ചു തുടങ്ങിയത് തന്നെ.
പക്ഷെ ഇനിയെങ്ങനെ എനിക്ക് ഒരു
ബുദ്ധിജീവിയാവാം? പ്ലീസ്..സത്യായിട്ടും എനിക്ക് ബുദ്ധിജീവി ആയി രണ്ട് ദിവസമെങ്കില്‍ രണ്ട് ദിവസം ജീവിക്കണം എന്നുണ്ട്. ഒന്ന് പറഞ്ഞു തരുമൊ? രണ്ടൂസമെങ്കില്‍ രണ്ടൂസം?

അയ്യ്! അതിനീ കമന്റ് ഇവിടെ ഇടാന്‍ പാടില്ലായിരുന്നു ല്ലെ? ആദ്യത്തെ പാഠം.
പണ്ട് ബോബനും മോളീലും ബോബനും മോളീം പറയും “അപ്പാ ഞങ്ങള്‍ക്ക് ബിസിനസ്സ് പഠിക്കണം” അപ്പൊ അപ്പന്‍ അവരോട് മേല്‍കൂരേടേ മുകളില്‍ നിറുത്തീട്ട് താഴേക്ക് ചാടാന്‍ പറയും, ഞാന്‍ പിഠിച്ചോളാം മക്കളേ എന്ന് പറയും. എന്നിട്ട് അവര്‍ ചാടുമ്പോ പിടിക്കത്തില്ല. എന്താ ഞങ്ങളെ പിടിക്കാത്തെ എന്ന് പറയുമ്പൊ, അപ്പന്‍ പറയും. “സ്വന്തം അപ്പനെ പോലും ബിസിനസ്സില്‍ വിശ്വസിക്കരുത്. അത് ആദ്യത്തെ പാഠം” ഹ്ഹ്ഹ്ഹ്
ഈ തമാശ ലാസ്റ്റ്. ഒക്കെ. ഒക്കെ..
ട്ര്രീ‍ീ‍ീ‍ീ‍ീങ്ങ്. ഇനി മുതല്‍ എനിക്ക് എങ്ങിനെ കമന്റില്‍ ബുജി ആവാം. പോസ്റ്റില്‍ വേണ്ട, ഞാന്‍ തലേം കുത്തി കിടന്നാലും പറ്റൂല്ല...
അറ്റ്ലീസ്റ്റ് കമന്റില്‍ എങ്കിലും ആവണം...

സഹായിക്കില്ലേ?:)

SAJAN | സാജന്‍ said...

ഇഞ്ചിപെണ്ണേ ബു ജീവിനി ആകാന്‍ തീരുമാനിച്ച സ്ഥിതിക്കു കുറച്ചു ശ്ലോകങ്ങള്‍ പഠിക്കാന്‍ മറക്കണ്ട
എനിക്കറിയാവുന്ന ഒരെണ്ണം ഞാന്‍ പറ്ഞ്ഞുതരാം ഫ്രീ ആയിട്ട്
സംഭവാമി യൂ ഗോ, യൂ ഗോ...

Maveli Keralam said...

ബുദ്ധിജീവി അനിയാ
ഒരു കണ്‍സള്‍റ്റിംഗ് തുടങ്ങാം. ശരിയ്ക്കും, നല്ല സ്കോപ്പുള്ള ടോപ്പിയ്ക്കാ.

തൊടുപുഴക്കാരന്‍ said...

പോസ്റ്റ് വായിച്ചു.നന്നായിട്ടുണ്ട്.ഭാഷക്ക് ഒരു പാലാ-മരങ്ങാട്ടുപിള്ളി മട്ട്.

::സിയ↔Ziya said...

ഹഹ കൊള്ളാം ട്ടോ :p
ബാകി വഴികളും പോരട്ടെ :>>
(ഈ വെടക്ക്‍കള്‍ മാരീഡ്‌സിന്റെ കൂട്ടത്തിലുണ്ടാവുമോ?

കുതിരവട്ടന്‍ said...

അവതാരങ്ങളെക്കൊണ്ടു നിറയുന്നൂ ഭൂലോകം. പണ്ടൊക്കെയായിരുന്നെങ്കില്‍ പുതിയതാരെങ്കിലും വരുമ്പോള്‍ അവന്റെ മെക്കട്ടു കേറി ആളാകാമായിരുന്നു. ഇനിയിപ്പോ ആരുടെയെങ്കിലും മെക്കട്ടു കേറുന്നേനുമ്മുമ്പ് ഒന്നാലോചിക്കണം. പുലികളല്ലേ വരുന്നേ. പിടിച്ചു തിന്നു കഴിയുമ്പോഴാ മനസ്സിലാവൂ. ഞാനീ ബുദ്ധിജീവിയേയോ അല്ലെങ്കില്‍ ദുര്‍ബലനെയൊ വിമര്‍ശിച്ച് വിമര്‍ശിച്ച് ഒരു ബുദ്ധിജീവിയാവണമെന്ന് ഉന്നം പിടിച്ച് വന്നതായിരുന്നു :-) മണ്ടത്തരമൊന്നും കാണിക്കാഞ്ഞത് നന്നായി. ഇനി ഞാനീ ബുദ്ധിജീവിയുടെ ഒരു വിനീത ശിഷ്യന്‍. എനിക്കും ആകണം ഒരു ബുദ്ധിജീവി. ;-)

തരികിട said...

ബു.ജീ ..ഇതു കൊള്ളാട്ടൊ..തുടരട്ടെ

ശൊ ഇത്‌ നേരത്തെ അറിയണ്ടതായിരുന്നു. ചുരിങ്ങിയ പക്ഷം എന്റെ പേര്‌ വല്ല ഗ്രീക്ക്‌ ദേവിമാരുടെ കയ്യീന്നു കടമെടുക്കാമായിരുന്നു. എന്നിട്ട്‌ ആള്‍ക്കാരെ പേടിപ്പിക്കുന്ന ഒരു ഫോട്ടൊയും കൂടി ഇട്ടുരുന്നതെങ്കില്‍................ഞാനും ബു ജീ ആയേനല്ലേ......

എന്റെ യുഫ്രട്ടിസ്‌ ദേവാ .. എന്റെ തലേല്‍ അന്ന് ബള്‍ബു കത്തിക്കാഞ്ഞതെന്താ?

സതീശ് മാക്കോത്ത് | sathees makkoth said...

വായിച്ച് രസിച്ചു.തകര്‍ത്തിട്ടുണ്ട്.
ഭാഗംഭാഗമായി തുടര്‍ന്നെഴുതൂ.

കുടുംബംകലക്കി said...

മുപ്പത്തി മൂന്നായി കമന്റുകള്. ഇനിയിപ്പം വിമര്‍ശിക്കാം, അല്ലേ?
:)

ആഷ | Asha said...

എനിക്കും ആകണം ബുദ്ധിജീവി.
ഞാനൊരു പുരാണകഥാപാത്രത്തിന്റെ പേരു കണ്ടു പിടിക്കട്ടെ എന്നിട്ടു വേണം പയറ്റു തുടങ്ങാന്‍ ;)